തിരുവനന്തപുരം: പി.ജെ. കുര്യൻ, കെ.വി. തോമസ് എന്നിവർക്കെതിരെ നടപടി വേണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ആവശ്യം. ടി.എന്‍. പ്രതാപൻ എം.പി ആണ് നടപടി ആവശ്യപ്പെട്ടത്. ഇവരെക്കുറിച്ച് ചർച്ചചെയ്ത് അമിതമായ വാർത്താപ്രാധാന്യം നൽകേണ്ടെന്ന് ധാരണയുണ്ടായിരുന്നതിനാൽ മറ്റാരും വിഷയം ഉന്നയിച്ചില്ല.
എന്നാൽ, ഹൈകമാൻഡ് തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. രാഹുലിനെതിരായ കുര്യന്റെ അഭിപ്രായം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ കെ.പി.സി.സി പരാതിപ്പെടേണ്ട കാര്യമില്ല. കെ.വി. തോമസിന്റെ വിഷയവും അച്ചടക്കസമിതിയുടെ പരിഗണനയിലാണ്. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും കുര്യന് എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാണെന്നാണ് അറിയിച്ചതെങ്കിലും മനഃപൂര്‍വം വിട്ടുനിൽക്കുകയായിരുന്നെന്നാണ് കരുതുന്നത്.
രാജ്യസഭാ സീറ്റിലെ സ്ഥാനാർഥി നിർണയത്തിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു. ഏറെക്കാലത്തിനുശേഷം സംസ്ഥാനത്ത് ഒരു സ്ത്രീയെ രാജ്യസഭയിലേക്ക് കൊണ്ടുവന്നതിനെ അഭിനന്ദിക്കുന്നെന്ന് പരിഹസിച്ച ഷാനിമോൾ ഉസ്മാൻ, നേതാക്കൾ ഹൈകമാൻഡിന് കൈമാറിയ പാനലിൽനിന്ന് തന്റെ പേര് ഒഴിവാക്കിയതിനെ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്ന് പാനൽ തയാറാക്കുകയെന്ന കീഴ്വഴക്കം പോലും ലംഘിച്ചു. അംഗത്വവിതരണത്തിൽ പാളിച്ചയുണ്ടായെന്ന് ബെന്നി ബഹനാനും കെ.സി. ജോസഫും കുറ്റപ്പെടുത്തി. എന്നാൽ, അംഗത്വവിതരണം മികച്ചനിലയിലാണ് നടന്നതെന്ന് എം. ലിജു ചൂണ്ടിക്കാട്ടി. 13 ലക്ഷം ഡിജിറ്റൽ അംഗത്വം ഉൾപ്പെടെ ഏകദേശം 33 ലക്ഷം പേർ അംഗത്വം എടുത്തെന്നും അന്തിമകണക്ക് വരുമ്പോൾ ഇതു 35 ലക്ഷത്തിൽ എത്തുമെന്നും കെ. സുധാകരൻ അറിയിച്ചു. വളരെ കുറഞ്ഞസമയംകൊണ്ട് ഇത്രയും അംഗത്വം നൽകാൻ സാധിച്ചത് നേട്ടമാണെന്നും മുൻകാലങ്ങളിലേതുപോലെ അംഗത്വവിതരണത്തിന് ഇത്തവണ സമയം കിട്ടിയില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.