കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ കോഴിക്കോടും മലപ്പുറത്തുമായി ഉള്ളത് 22.82 ഏക്കറെന്ന് ലാൻഡ് ബോർഡ് ഹൈകോടതിയിൽ. ഒരാൾക്ക് കൈവശം വെക്കാവുന്ന 12 സ്റ്റാൻഡേർഡ് ഏക്കർ ഭൂമിയെക്കാൾ അധികം അൻവറിന്‍റെ പേരിലുള്ളതിനാൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതായും താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
അൻവറിനും കുടുംബാംഗങ്ങൾക്കും നോട്ടീസും അയച്ചിട്ടുണ്ട്. ഇവരെ കേട്ട് അഞ്ചു മാസത്തിനകം നിയമനടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. അൻവറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് നടപടിയെടുക്കണമെന്ന പരാതി ആറുമാസത്തിനകം യുക്തിപരമായി തീർപ്പാക്കണമെന്ന മാർച്ച് 24ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റർ കെ.വി. ഷാജി നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് വിശദീകരണം.
പരിധിയിൽ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ അറിയിക്കണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രികയിൽ തനിക്ക് 200 ഏക്കറിലധികം ഭൂമിയുള്ളതായി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. 2021ൽ നൽകിയ നാമനിർദേശ പത്രികയിൽ 8790.408 ചതുരശ്രയടിയെന്നും 2016ലേതിൽ 8790408 ചതുരശ്രയടിയെന്നുമാണ് രേഖപ്പെടുത്തിയതെന്ന് ബോർഡിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നത്.
അൻവറിനും കുടുംബാംഗങ്ങൾക്കുമെതിരായ നടപടികൾക്ക് അഞ്ചു മാസം സമയം അനുവദിക്കണമെന്നും കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം. എതിർസത്യവാങ്മൂലം സമർപ്പിക്കാൻ ഹരജിക്കാരന് നിർദേശം നൽകിയ ജസ്റ്റിസ് രാജ വിജയരാഘവൻ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.