കോന്നി: പട്ടയഭൂമിയിലെ മരങ്ങളുടെ ഉടമസ്ഥാവകാശം കർഷകന് തന്നെ ലഭിക്കുന്ന രീതിയിൽ ചട്ടഭേദഗതി വരത്തുന്ന കാര്യം പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. നിയമസഭയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
1964 ലെ ഭൂപതിവ് ചട്ടത്തിനൊപ്പം പട്ടയ ഫോറത്തിൽ രേഖപ്പെടുത്തിയ തേക്ക്, ഈട്ടി, കരിമരം, ചന്ദനം എന്നിവ സംരക്ഷിത മരങ്ങളാണ്. ചട്ടപ്രകാരം പട്ടയം നൽകുന്ന സമയത്ത് ഈ ഭൂമിയിൽ നിലനിൽക്കുന്ന ഇത്തരം വൃക്ഷങ്ങൾ സർക്കാറിൽ നിക്ഷിപ്തമാക്കിയിരുന്നു.
ഇവയും പിന്നീട് പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും കിളിർത്തുവന്നതുമായ മറ്റ് വൃക്ഷങ്ങളും കർഷകൻ സംരക്ഷിക്കണമെന്നും നിലവിലെ ചട്ടത്തിലുണ്ട്.
ഇത് മറികടക്കാൻ സർക്കാർ പുതിയ ഉത്തരവ് ഇറക്കിയെങ്കിലും ഇത് ദുർവ്യാഖ്യാനം ചെയ്തതിനെ തുടർന്ന് റദ്ദാക്കേണ്ടി വന്നു. ഇതേതുടർന്നാണ് നിയമ വകുപ്പുമായി ആലോചിച്ച് പുതിയ ചട്ടം കൊണ്ടുവരാൻ ആലോചിക്കുന്നതെന്നും സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് ഉടമക്കുള്ള എല്ലാ അവകാശങ്ങളും പട്ടയ ഭൂമിയിൽ കർഷകർക്കും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകളായി മലയോരത്ത് നിലനിൽക്കുന്ന പ്രധാന പ്രശ്നമാണ് പട്ടയ ഭൂമിയിലെ മരം മുറിക്കൽ. ചട്ടഭേദഗതി നിലവിൽ വരുത്തുന്നതോടെ മലയോര കർഷകരുടെ പതിറ്റാണ്ടുകളായുളള ആവശ്യത്തിന് പരിഹാരമാകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.