ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി ശത്രുക്കളായി കാണരുത്; പിന്‍വാതില്‍ നിയമനത്തിനാണ്​ കളമൊരുക്കുന്നതെന്ന്​ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സമരം ചെയ്​ത പി.എസ്.സി ഉദ്യോഗാര്‍ഥികളെ ശത്രുക്കളായി കാണാതെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയിൽ ആവശ്യപ്പെട്ടു. പുതിയ ലിസ്റ്റിനുള്ള പരീക്ഷ പോലും നടത്താത്ത സാഹചര്യത്തിൽ നിലവിലുള്ള ലിസ്റ്റിന്‍റെ കാലാവധി നീട്ടാതിരിക്കുന്നത്​ പിൻവാതിൽ നിയമനത്തിന്​ കളമൊരുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പ് സമരം ചെയ്തതുകൊണ്ട് ഉദ്യോഗാര്‍ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന്​ സതീശൻ പറഞ്ഞു. ശത്രുക്കളെ പോലെയല്ല, മക്കളെ പോലെയാണ് അവരെ കാണേണ്ടത്. അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് മുഖ്യന്ത്രി ആരോപിക്കുന്നത്. ആള്‍മാറാട്ടം നടത്തിയും ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് ചോദ്യക്കടലാസുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കിയും റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നല്‍കിയവരാണ് പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്തത്.

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ സാങ്കേതികമായോ നിയമപരമായോ പ്രയോഗികമായോ ഉള്ള തടസങ്ങള്‍ സര്‍ക്കാരിന് മുന്നിലില്ല. ഫെബ്രുവരി നാലിനാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത്. ഫെബ്രുവരി 26 ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മൂന്നു മാസത്തേക്ക് ഒരു നിയമനവും നടന്നില്ല. തുടര്‍ന്ന് മെയ് എട്ടു മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണ്‍ അവസാനിച്ച് ജൂണ്‍ അവസാനത്തോടെ മാത്രമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്. അതുകൊണ്ടു തന്നെ കാലാവധി നീട്ടിയതിന്‍റെ പ്രയോജനം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചില്ല.

പകരം റാങ്ക് ലിസ്റ്റുകള്‍ പോലും നിലവിലില്ലാത്തപ്പോഴും പഴയ ലിസ്റ്റിന്‍റെ കാലാവധി നീട്ടില്ലെന്ന സര്‍ക്കാരിന്‍റെ പിടിവാശി ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. 2022 ഓക്ടോബര്‍ മുപ്പതിനാണ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്​ തസ്തികയിലേക്കുള്ള പരീക്ഷ നടക്കാന്‍ പോകുന്നത്. അതിനിടയിലുണ്ടാകുന്ന ഒഴിവുകള്‍ സര്‍ക്കാര്‍ എവിടെ നിന്ന് നികത്തും? പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും പിന്‍വാതില്‍ വഴി കുത്തി നിറയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

അസാധാരണ സാഹചര്യങ്ങളില്‍ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി മൂന്നു മാസം മുതല്‍ ഒന്നര വര്‍ഷം വരെ നീട്ടാന്‍ പി.എസ്.സിക്ക് അധികാരമുണ്ട്. 2015-18 കാലഘട്ടത്തില്‍ നടന്ന നിയമനങ്ങളുടെ പകുതി പോലും പിന്നീട് നടന്നിട്ടില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സമരം ചെയ്തവരോട് മുഖ്യമന്ത്രി പ്രതികാര ബുദ്ധിയോടെ പെരുമാറരുത്. ഉദ്യോഗാര്‍ഥികളുടെ സങ്കടം കാണാനും കേള്‍ക്കാനുമുള്ള കണ്ണും കാതും സര്‍ക്കാരിനില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

Tags:    
News Summary - The Leader of the Opposition said that the ground was being prepared for the appointment through the back door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.