ഔദ്യോഗിക വിരുന്നിൽ പങ്കെടുത്താൽ സർക്കാരിനു അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാർ എന്ന ചിന്ത അധമമെന്ന് ലോകായുക്ത

തിരുവനന്തപുരം : ഔദ്യോഗിക വിരുന്നിൽ പങ്കെടുത്താൽ സർക്കാരിനു അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാർ എന്ന ചിന്ത അധമവും സംസ്കാര രഹിതവുമാണെന്ന് ലോകായുക്ത. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ലോകായുക്തയും ഉപലോകായുക്തയും ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ലോകായുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയൻ നടത്തിയ സ്വകാര്യ ഇഫ് താർ വിരുന്നിൽ അല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താർ വിരുന്നിലാണ്. തലസ്ഥാനത്തെ ഔദ്യോഗിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം വീശിഷ്ടാതിഥികളായി ക്ഷണം ലഭിച്ചതിനാലാണ് പങ്കെടുത്തത്.

ലോകായുക്തക്കും ഉപലോകായുക്തക്കമൊപ്പം സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ, പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ എന്നീ മുൻജഡ്ജിമാരും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു. ലോകായുക്തയും ഉപലോകായുക്തയും അല്ലാതെ വേറെ ജഡ്ജിമാർ ആരും പങ്കെടുത്തില്ല എന്നത് ദുരുദ്ദേശപരമായ ദുഷ്പ്രചാരണമാണ്. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യ സംഭാഷണം നടത്തിയെന്നതും പച്ചക്കള്ളമാണ്.

ഡൽഹിയിൽ പ്രസിഡണ്ട്, പ്രധാനമന്ത്രി, നിയമമന്ത്രി, അറ്റോർണി ജനറൽ തുടങ്ങിയവരും സംസ്ഥാന ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവരും വിശേഷാവസരങ്ങളിൽ നടത്തുന്ന ഔദ്യോഗിക വിരുന്നു സൽക്കാരങ്ങളിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ പങ്കെടുക്കുന്ന പതിവുണ്ട്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കക്ഷികളായിട്ടുള്ള കേസുകൾ കോടതികളിൽ ഉണ്ടെന്നത് അതിനു തുടസമായി ആരും കരുതിയിട്ടില്ല. ഒരു ഔദ്യോഗിക വിരുന്നിൽ പങ്കെടുത്താൽ സർക്കാരിനു അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാർ എന്ന ചിന്ത അധമവും സംസ്കാര രഹിതവുമാണ്.

1997 മെയ് ഏഴിന് സുപ്രിം കോടതി ജിമാരുടെ യോഗ തീരുമാനപ്രകാരം അഭിഭാഷകർ, ബിസിനസു കാർ, ഇടനിലക്കാർ, തുടങ്ങിയ സ്വകാര്യ വ്യക്തിയുടെയും, കമ്പനികളുടെയും, വിദേശസർക്കാരുകളുടെയും ഏജൻസികളുടെയും ആതിഥ്യം ജഡ്ജിമാർ സ്വീകരിക്കരുതെന്നാണ്.

ലോകായുക്ത പരാതിക്കാരനെ 'പേപ്പട്ടി' യെന്നു വിളിച്ചു എന്നാണു മറ്റൊരു കുപ്രചരണം. കോടതിയിൽ കേസ് നടക്കുമ്പോൾ, പരാതിക്കാരനും കൂട്ടാളികളും സമൂഹ മാധ്യമങ്ങൾ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ലോകായുക്ത ചൂണ്ടികാട്ടിയെന്നതു സത്യമാണ്. എങ്കിലും അതിനൊക്കെ മറുപടി പറയാത്തത് ജഡ്ജിമാരുടെ വിവേകം കൊണ്ടാണ്.

വിവേകപൂർവ്വമായ പ്രതികരണത്തിനു ഒരു ഉദാഹരണവും പറഞ്ഞു. വഴിയിൽ പേപ്പട്ടി നിൽക്കുന്നതു കണ്ടാൽ അതിന്റെ വായിൽ കോലിടാൻ നിൽക്കാതെ ഒഴിഞ്ഞുമാറിപ്പോകുന്നതാണു വിവേകമെന്നു ലോകായുക്ത ചൂണ്ടിക്കാട്ടി. ആശയം വിശദമാക്കാൻ ഒരു ഉദാഹരണം പറഞ്ഞാൽ പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചു' എന്നു ബഹളമുണ്ടാക്കുന്നത് നിയമ പ്രശ്നത്തിൽ നിന്നു ശ്രദ്ധതിരിക്കാനാണെന്നും പി.ആർ.ഒ സക്കറിയ മാത്യു പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - The Lokayukta said that the idea that judges are the ones who write judgments in favor of the government if they attend an official banquet is base and cultureless.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.