തൃശൂർ: സംസ്ഥാനത്ത് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ‘മൈ ക്ലബ് ട്രേഡ്സ്’ (എം.സി.ടി) എന്ന ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയും സൂത്രധാരനുമായ മലപ്പുറം കാളികാവ് അമ്പലക്കടവ് പാലയ്ക്കത്തൊടി വീട്ടിൽ മുഹമ്മദ് ഫൈസലിനെ (43) തൃശൂർ സിറ്റി ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ പ്രതികൾ എം.സി.ടി ആപ്ലിക്കേഷൻ വഴി ലഭിച്ച ഡോളർ ‘എമെർ കോയിനി’ലേക്ക് (Emer coin -ക്രിപ്റ്റോ കറൻസി) മാറ്റാൻ എറണാകുളത്തുള്ള ഫ്ലാറ്റിൽ എത്തിയതറിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി. ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് ഫൈസൽ ഗുണ്ടകളെക്കൊണ്ട് പൊലീസിനെ ഫോണിൽ വിളിച്ച് അവിടെനിന്നും പോയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ തൃശൂർ ജില്ലയിൽ മാത്രം 28 കേസുണ്ട്. കേരളത്തിലെ മറ്റുപല പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
പൊലീസ് കസ്റ്റഡിയിൽ ജയിലിൽ ഉണ്ടായിരുന്ന പ്രതി മലാക്ക രാജേഷിനൊപ്പം മലപ്പുറം ജില്ലയിലാണ് തട്ടിപ്പ് തുടങ്ങിയത്. പിന്നീട് സംസ്ഥാനത്ത് ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസ് നടത്തിയും ഗൂഗിൾ മീറ്റ് വഴിയും ആളുകളെ ആകർഷിച്ച് നിക്ഷേപം സ്വീകരിച്ചു. ഇതേ തട്ടിപ്പ് നടത്തിയതിന് മലാക്ക രാജേഷ്, അഡ്വ. പ്രവീൺ മോഹൻ, ഷിജോ പോൾ, സ്മിത, ജോബി എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പിൽ വീഴുന്നവരുടെ ഫോണിൽ എം.സി.ടി ആപ്പ് ഇൻസ്റ്റാൾ ചെയ്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരിച്ച് നൽകാമെന്ന് പറഞ്ഞ് പണമായി വാങ്ങുകയാണ് ചെയ്തിരുന്നത്. പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായ നിരക്കിന്‍റെ ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. 2021ൽ എം.സി.ടിയുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ എം.സി.ടി എന്ന പേര് മാറ്റി ‘ഫ്യൂച്ചർ ട്രേഡ് ലിങ്ക് (എഫ്.ടി.എൽ), ‘ഗ്രോൺ ബക്സ്’ എന്നിങ്ങനെ ആക്കിയിരുന്നു.
കേസ് പിൻവലിക്കാൻ പണം നിക്ഷേപിച്ചവരുടെ മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ കാണുന്ന ഡോളറിന് പകരമായി എമെർ കോയിൻ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇപ്പോഴും തട്ടിപ്പ് തുടരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ പലരും വീണ്ടും കെണിയിൽ വീണിട്ടുണ്ട്. തന്‍റെ മൊബൈൽ ആപ്ലിക്കേഷനിൽ കാണുന്ന ഡോളർ എമെർ കോയിൻ ആയി മാറ്റി കിട്ടാൻ വീണ്ടും പണം നിക്ഷേപിക്കാൻ നിർബന്ധിച്ചാണ് പുതിയ തട്ടിപ്പ്. മുഹമ്മദ് ഫൈസൽ വഴിയാണ് ഡോളർ എമെർ കോയിനിലേക്ക് മാറ്റുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
അസി. പൊലീസ് കമീഷണർ ആർ. മനോജ് കുമാറിന്‍റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ എ.എം. യാസിൻ, എ.എസ്.ഐമാരായ കെ.എം. വിനോദ്, ജെസി ചെറിയാൻ, ശശികുമാർ, സീനിയർ സി.പി.ഒ സാമു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.