ആറ്റിങ്ങൽ: മദ്യപസംഘത്തിന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രധാന പ്രതി അഞ്ചുതെങ്ങ് സ്വദേശി പവൻ പ്രകാശ് (36) പൊലീസ് പിടിയിലായി.
സംഭവത്തിനു ശേഷം ഒളിവിൽപോയ പവൻ പ്രകാശ് ഞായറാഴ്ച സന്ധ്യയോടെ ട്രെയിനിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുകയായിരുന്നു. സമീപത്തെ ഗുഡ്ഷെഡ് റോഡ് വഴി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ മയ്യനാട്, സംഭവം നടന്ന കീഴാറ്റിങ്ങൽ കാരാംകുന്ന് എന്നിവിടങ്ങളിൽ കടയ്ക്കാവൂർ പൊലീസ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു.
ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കീഴാറ്റിങ്ങൽ കാരാംകുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം പവൻ പ്രകാശിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. സ്ഥലത്തെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മൂവരും.
മദ്യപിച്ചിരുന്ന അക്രമിസംഘവും യുവാക്കളുമായുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതും അഞ്ചുപേർക്ക് കുത്തേറ്റതും. സംഭവത്തിൽ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ കഴിയുന്ന സിജു (32) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ ബാക്കി നാലുപേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിൽ പങ്കെടുത്ത അഞ്ചുതെങ്ങ് സ്വദേശികളായ പ്രവീൺ (30), നിതിൻ രാജ് (39) എന്നിവർക്കായി പൊലീസ് അന്വേഷണം തുടരുന്നു. പവൻ പ്രകാശിനെ തിങ്കളാഴ്ച വൈകീട്ട് വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.