തിരുവനന്തപുരം: പ്രഭാത സവാരിക്കെത്തിയ വനിത ഡോക്ടർക്ക് നേരെ മ്യൂസിയത്തിന് സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയയാളെ തിരിച്ചറിഞ്ഞു. കുറവൻകോണത്തെ വീട്ടിൽ മോഷണ ശ്രമം നടത്തിയതും ഇയാൾ തന്നെയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടന്ന് ഏഴാം ദിവസമാണ് അന്വേഷണം പ്രതിയിലേക്കെത്തുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അക്രമിയെ പിടികൂടുന്നതിലെ പൊലീസ് വീഴ്ച ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മ്യൂസിയം പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഉടൻ പരിശോധന നടത്താൻ പൊലീസ് ശ്രമിച്ചില്ലെന്ന് ഡോക്ടർ ആരോപിച്ചിരുന്നു.
ബുധനാഴ്ച പുലർച്ചെ അഞ്ചിന് മുമ്പായിരുന്നു ഡോക്ടർക്ക് നേരെ ആക്രമണം. ഇന്നോവ കാറിലാണ് പ്രതി എത്തിയതെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. ഇതേ വാഹനത്തിൽ ടെന്നിസ് ക്ലബിന് സമീപം പ്രതി എത്തിയതായി പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് നിരീക്ഷണത്തിലാണ്.
ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാളും കുറവൻകോണത്തെ വീടുകളിൽ കയറിയയാളും രണ്ടാണെന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. എന്നാൽ, സാഹചര്യത്തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
സംഭവ ദിവസം പുലർച്ചെയും തലേന്ന് രാത്രിയും കുറവൻകോണത്ത് വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് വനിത ഡോക്ടർ പറഞ്ഞിരുന്നു. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിനെത്തുടർന്ന് ഇതേ രൂപത്തിലുള്ളയാളാണ് തന്റെ വീട്ടിൽ മോഷണശ്രമം നടത്തിയതെന്ന് കുറവൻകോണം വിക്രമപുരം സ്വദേശി അശ്വതിയും വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.