കൊച്ചി: ഹാരിസൺസ് കമ്പനി അധികൃതർ ഹാജരാക്കിയ 1923 ലെ കരാർ ഉടമ്പടിയുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിച്ച ഫോറൻസിക് സയൻസ് ലാബ് (എഫ്.എസ്.എൽ) റിപ്പോർട്ട് പൂഴ്ത്തിവെച്ച വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ റവന്യൂവകുപ്പിന് കഴിയില്ലെന്ന് മന്ത്രി കെ.രാജൻ. നിയമസഭയിൽ കെ.കെ.രമ, എം.കെ മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർക്ക് നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്.
എഫ്.എസ്.എൽ റിപ്പോർട്ട് സമയബന്ധിതമായി റവന്യൂവകുപ്പിന് വിജിലൻസ് കൈമാറിയല്ല. അതേസമയം, വിജിലൻസ് നൽകിയ റിപ്പോർട്ടിൽ ഫോറൻസിക് സയൻസ് ലാബിലെ കണ്ടെത്തലുകൾ സംബന്ധിച്ച് പരാമർശിച്ചിരുന്നു. റവന്യൂ വകുപ്പിൽ നിന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് 2021 ഓഗസ്റ്റിൽ റവന്യൂ വകുപ്പിൽ സമർപ്പിച്ചത്. അതേസമയം, എഫ്.എസ്.എൽ ഡയറക്ടറുടെ കത്ത് പ്രകാരം 2018 ജൂൺ 12നാണ് വിജിലൻസിന് റിപ്പോർട്ട് നൽകിയത്. ഹാരിസൺസ് കേസിൽ നിർണായകമായ എഫ്.എസ്.എൽ റിപ്പോർട്ട് ഏതാണ്ട് രണ്ട് വർഷത്തിലധികം റവന്യൂ വകുപ്പിൽനിന്ന് മറച്ചുവെച്ചു. ഹാരിസൺസ് ഹാജരാക്കിയ പ്രമാണ രേഖയുടെ പ്രസക്തി നഷ്ടമാകും വിധം നിരവധി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തിയതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഭൂമിയുടെ ഉടമസ്ഥത സർക്കാർ സിവിൽ കോടതിയിൽ കേസുകൾ നടത്തി സ്ഥാപിച്ചതിനു ശേഷമേ പ്രമാണ രേഖകളിൽ തിരിത്തലുകൾ വരുത്തിയ കുറ്റാരോപിതരായ കമ്പനി അധികൃതർക്കും ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമ പ്രകാരം വിജിലൻസിന് കേസെടുക്കാൻ കഴിയുകയുള്ളൂവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. അതുപോലെ തുടർന്നുള്ള നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലൻസ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചത്. അന്തിമ റിപ്പോർട്ട് കോടയിലാണ്.
ഈ കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റവന്യൂവകുപ്പിന് അനുമതി ആവശ്യമില്ലാത്തതിനാൽ ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടർമാർ വിജിലൻസ് കോടതിയെ അറിയിച്ചത്. റവന്യൂ വകുപ്പിൻെറ അറിവോടെയല്ല ഇതെല്ലാം സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ഭൂമി അനധികൃതമായി വ്യാജരേഖ ചമച്ച് കൈമാറിയ കേസിൽ ഉൾപ്പെട്ട ഹാരിസൺസ് മലയാളം കമ്പനിയുടെ ചുമതലക്കാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്തുന്നതിന് 2013ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.