തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പൽ ക്രെയിനുമായി എത്തിയതിന്‍റെ ഉദ്ഘാടനച്ചടങ്ങിനായി വിഴിഞ്ഞം ഇൻറർനാഷനൽ സീപോർട്ട് ലിമിറ്റഡ് ചെലവഴിച്ചത് 31.36 ലക്ഷം. എന്നാൽ, ആദ്യ കപ്പൽ എത്തിയിട്ടും യാതൊരു വരുമാനവും കമ്പനിക്കോ സർക്കാറിനോ നാളിതുവരെ ലഭിച്ചില്ലെന്ന് സഹകരണ തുറമുഖമന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിനായി 1373.76 കോടിയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇതിൽ 69.73 കോടി അടിസ്ഥാന സൗകര്യ വികസനത്തിനാണ്. തുറമുഖത്തിന്‍റെ നിർമാണത്തിന് കമ്പനി ആവശ്യപ്പെടുന്ന മുറക്ക് സർക്കാർ ഫണ്ട് അനുവദിക്കാറുണ്ട്. നടപ്പുസാമ്പത്തിക വർഷം 1473.63 കോടിയാണ് വിഴിഞ്ഞം ഇൻറർനാഷനൽ സീപോർട്ട് ലിമിറ്റഡ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് സാമ്പത്തിക വിശ്വാസ്യത നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകൾക്ക് സമാനമായ സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടിട്ടില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി ഭരണ സമിതികളുടെയും ജീവനക്കാരുടെയും വീഴ്ചകൾ മൂലം എട്ടു കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന 13 ഓളം സഹകരണ ബാങ്കുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിലായി ആകെ 901.85 കോടിയുടെ സാമ്പത്തിക ബാധ്യതയാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.