കൊല്ലം: കരുനാഗപ്പള്ളി ബി.ആർ.സിയുമായി ബന്ധപ്പെട്ട ഭിന്നശേഷികുട്ടികളുടെയും ഓട്ടിസം സെന്ററിലെ കുട്ടികളുടെയും രക്ഷിതാക്കളിൽനിന്നുള്ള അനധികൃത പണപ്പിരിവിൽ പണം നൽകാതിരുന്നതിനെ തുടർന്ന് കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയതായി ആരോപണം. സമഗ്ര ശിക്ഷാ കേരളയുമായി ബന്ധപ്പെട്ട കരുനാഗപ്പള്ളി ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിന്ന് (ബി.ആർ.സി) സ്പെഷൽ എജുക്കേറ്റർ ആഴ്ചയിൽ ഒരു ദിവസം വീട്ടിലെത്തിയിരുന്നത് പണം നൽകാത്തതിന് ശേഷം നിലച്ചതായി ഓച്ചിറ മേമന കലവറ വീട്ടിൽ സുമ അശോകൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇവരുടെ ചെറുമകനായ സെറിബ്രൽ പാൾസി ബാധിതനായ എട്ടുവയസ്സുകാരന്റെ വിദ്യാഭ്യാസം മാസങ്ങളായി മുടങ്ങിയതായാണ് ആരോപണം. ഇക്കാര്യത്തിൽ ജില്ല കോഓഡിനേറ്റർ കരുനാഗപ്പള്ളി ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർക്ക് പരാതി നൽകാൻ പറഞ്ഞു. തുടർന്ന് പരാതിയുമായി ചെന്ന തന്നെയും കുട്ടിയെയും ബി.പി.സി അധിക്ഷേപിച്ചതായും അവർ ആരോപിക്കുന്നു.
ഫിസിയോതെറപ്പിയുടെ വിവരം തിരക്കിയ ഭർത്താവിനെ ബി.പി.സി ഗ്രൂപ്പിൽ നിന്ന് നീക്കി. തന്നെ ഗ്രൂപ്പിൽ അധിക്ഷേപിച്ചു. തുടർന്ന് ഭിന്നശേഷി കമീഷണർ, സി.ആർ. മഹേഷ് എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിലും ഫലമുണ്ടായില്ല. കരുനാഗപ്പള്ളി ബി.പി.സിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ല കോഓഡിനേറ്റർ സജി തോമസ് പ്രതികരിച്ചു. ബി.ആർ.സിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയിൽ ഓരോ കുട്ടിക്കും പ്രത്യേകം ശ്രദ്ധയും പഠനസൗകര്യവും നൽകാൻ സാധിക്കില്ല. ഇത് രക്ഷിതാക്കളെ ബോധ്യപ്പെടുത്താറുണ്ടെങ്കിലും ചിലർക്ക് സ്വീകാര്യമാകില്ല. പണപ്പിരിവ് ആരോപണം അടിസ്ഥാനരഹിതമാണ്. കുട്ടിയെയും രക്ഷിതാവിനെയും അധിക്ഷേപിച്ചതിൽ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.