രാ​ജ് ക​ബീ​റും ഭാ​ര്യ ശ്രീ​ദി​വ്യ​യും വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ

നഗരസഭ താക്കോൽ നൽകി; രാജ് കബീറും ശ്രീദിവ്യയും അടച്ചിട്ട ഫർണിച്ചർ യൂനിറ്റ് തുറന്നു

തലശ്ശേരി: വൻ പിഴയീടാക്കാനുള്ള നഗരസഭയുടെ നടപടിയെ തുടർന്ന് നാടുവിട്ട ഫർണിച്ചർ വ്യവസായികളായ ദമ്പതികൾ ഫർണിച്ചർ യൂനിറ്റ് വീണ്ടും തുറന്നു. ഇന്നലെ തലശ്ശേരി നഗരസഭാ അധികൃതർ വീട്ടിലെത്തി താക്കോൽ കൈമാറിയതോടെയാണ് ഇവർ സ്ഥാപനം തുറന്നത്.പിഴ അടക്കാത്തതിനെ തുടർന്ന് എരഞ്ഞോളി കണ്ടിക്കൽ മിനി വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനം നഗരസഭ അടച്ചുപൂട്ടിയതോടെയാണ് ഫർണിച്ചർ വ്യവസായിയായ ചമ്പാട് തായാട്ട് ഹൗസിൽ രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാടുപേക്ഷിച്ചത്.

സ്ഥലം കൈയേറിയെന്ന് ചൂണ്ടിക്കാട്ടി നഗരസഭ ഇവർക്ക് ഒരു വർഷം മുമ്പാണ് 4,18,500 രൂപ പിഴയിട്ടത്. പിഴ അടക്കാത്തതിനെ തുടർന്ന് സ്ഥാപനം അടപ്പിച്ചു. ഇതിനെതിരെ ഇരുവരും ഹൈകോടതിയെ സമീപിച്ചു. പിഴ സംഖ്യ 10 ശതമാനമാക്കി കുറച്ചു നൽകി. ഹൈകോടതി വിധിയുണ്ടായിട്ടും നഗരസഭ നിഷേധാത്മക നിലപാട് തുടർന്നതോടെ മാനസിക വിഷമത്താൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ശ്രീദിവ്യയും രാജ് കബീറും നാടുവിടുകയായിരുന്നു.

ഇനി അന്വേഷിക്കേണ്ടതില്ല എന്നും മറ്റുമുള്ള സന്ദേശം നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തായിരുന്നു യാത്ര. വ്യവസായികളുടെ തിരോധാനം വാർത്തയായതോടെ പൊലീസ് ഇടപെട്ടു. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷിച്ച പൊലീസ് കോയമ്പത്തൂരിൽ നിന്നും ഇരുവരെയും കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ നഗരസഭ റവന്യൂ ഇൻസ്പെക്ടറും ഹെൽത്ത് ഇൻസ്പെക്ടറുമെത്തി താക്കോൽ കൈമാറിയതോടെയാണ് 37 ദിവസങ്ങളായി പൂട്ടിക്കിടന്ന സ്ഥാപനം തുറക്കാനായത്.

സ്ഥാപനം തുടർന്നു നടത്താൻ എല്ലാസഹായവും ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു.സ്ഥാപനം തുറന്നെങ്കിലും തിങ്കളാഴ്ച മുതലേ പൂർണമായി പ്രവർത്തിക്കുകയുള്ളൂ. സ്ഥാപനം തുടർന്ന് നടത്താൻ സന്നദ്ധമാണെന്നും വ്യവസായ മന്ത്രിയും മറ്റും അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ സമീപനം തങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തിയെന്ന് രാജ് കബീർ മാധ്യമത്തോട് പറഞ്ഞു. നാട്ടിലെ സി.പി.എം നേതാക്കളും വ്യവസായം നടത്തുന്നതിന് പിന്തുണ അറിയിച്ച് ശനിയാഴ്ച ഇവരുടെ വീട്ടിലെത്തി.

നഗരസഭയുടെ ഭാഗത്തുനിന്നും ദ്രോഹകരമായ നടപടി ഇനിയുണ്ടാവില്ലെന്ന് നേതാക്കൾ ഉറപ്പു നൽകിയതായും രാജ് കബീർ പറഞ്ഞു. രാജ് കബീറിന്റെ മകൻ ദേവദത്തും ഇതേ എസ്റ്റേറ്റിൽ വ്യവസായിയാണ്. മികച്ച സംരംഭകനുള്ള വ്യവസായ വകുപ്പിന്റെ അവാർഡ് നേടിയിട്ടുണ്ട്. ദേവാംഗന എന്ന മകളും ദമ്പതികൾക്കുണ്ട്.

Tags:    
News Summary - The municipality provided the key; Raj Kabir and Sridivya opened the closed furniture unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.