കൽപ്പറ്റ: മുണ്ടക്കൈക്ക് രണ്ട് കിലോമീറ്റർ അകലത്തിൽ വാളത്തൂർ പ്രദേശത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികളും അതിജീവിതർക്ക് ഐക്യാർഡ്യവും അർപ്പിച്ച് പ്രവർത്തകർ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ ഉപവാസം നടത്തി. ഉപവാസ സമരം അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.
മുണ്ടക്കൈദുരന്തത്തിലെ ഇരകൾക്കും അതിജീവിതർക്കുമുള്ള പുനരധിവാസവും പുനർനിർമാണവും നഷ്ടപരിഹാരവും ഭരണകൂടത്തിൻറെ ഔദാര്യമല്ല, അവരുടെ അവകാശമാണ്. അത് ഉറപ്പു വരുത്തുന്ന നിയമനിർമാണവും സമയബന്ധിതമായും സുതാര്യമായും അഴിമതിരഹിതമായും നടപ്പിലാക്കാൻ സ്റ്റാട്യൂട്ടറി അധികാരമുള്ള അതോറിറ്റിയോ മിഷനോ രൂപീകരിക്കുകയും വേണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ യു.പി.എ സർക്കാർ 2013 ൽകൊണ്ടുവന്ന ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ന്യായമായ നഷ്ടപരിഹാരവും ഉറപ്പാക്കൽ ആക്ടിന് സമാനമായ നിയമനിർമാണം നിലവിലുള്ള അസംബ്ളി യോഗത്തിൽ തന്നെ പാസാക്കാൻ സംസ്ഥാന സർക്കാറും പ്രതിപക്ഷവും തയാറാകണം. ദുരന്തബാധിതർക്ക് പൂർണവും ന്യായയുക്തവുമായ നഷ്ട പരിഹാരവും പുനർനിർമാണവും ഉറപ്പു വരുത്തണം. നിയമനിർമാണം നടത്തിയാൽ ഇരകൾ ഉദ്വോഗസ്ഥരുടെയും അധികൃതരുടെയും മുൻപിൽ യാചിച്ചു നിൽക്കേണ്ട ഗതികേട് വരില്ല. നിയമനടപടികളിലൂടെ അതവർക്ക് ലഭ്യമാകും.
അഴിമതിക്ക് കുപ്രസിദ്ധരായ ഉദ്യോഗസ്ഥന്മാരുടെ മേച്ചിൽപുറമാണ് വയനാട്. ജില്ലയിലെ മിക്ക സർക്കാർ പ്രൊജക്ടുകളിലും അഴിമതിയുടെ കൂത്തരങ്ങാണ്. കാരാപ്പുഴയും ആദിവാസി പുനരധിവാസവും നമ്മുടെ മുൻപിലുണ്ട്. മലഞ്ചരിവുകളിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്നതായി സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും സംസ്ഥാന ദുരന്തനിവരാണ അതോറിറ്റിയും സർക്കാർ നിശ്ചയിച്ച മറ്റു കമ്മറ്റികളും കണ്ടെത്തിയ 4000 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കണം.
മുണ്ടക്കൈക്കും പുത്തുമലക്കും സമീപത്തു കൂടെ നിർമിക്കാൻ ഉദ്ദേശിക്കുന്ന കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതക്കും വിവിധ ചുരം ബദൽ റോഡുകൾക്കുമുള്ള പദ്ധതി ഉപേക്ഷിക്കണം. മലഞ്ചെരിവുകളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും മറ്റു നിർമിതികളും പൊളിച്ചു മാറ്റുകയും ടൂറിസം നിയന്ത്രിക്കകയും വയനാട്ടിലെ സന്ദർശകരുടെയും വാഹനങ്ങളുടെയും വാഹക ശേഷി നിർണയിക്കുകയും ചെയ്യണം.
1,60,000 ഏക്കർ സർക്കാർ ഉടമസ്ഥതയിലുള തോട്ടങ്ങളും ഏറ്റെടുക്കുകയും അവിടങ്ങളിടെ നിയമവിരുദ്ധ ടൂറിസം നിർമിതികൾ പൊളിച്ചു നീക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി അധ്യക്ഷൻ എൻ. ബാദുഷ ആവശ്യപ്പെട്ടു. ഉപവാസ സമരത്തിന് ഏച്ചോം ഗോപി, ഇ കുഞ്ഞിക്കണാരൻ ,സാംപി. മാത്യം, ഭഗത് ബത്തേരി, ഉമ്മർ റിപ്പൺ , റഹിം റിപ്പൺ , അരുണമല അഖിൻ ,ഗോകുൽദാസ്, പ്രേമലത, എൻ. ബാദുഷ, തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി , ശിവരാജ് ഉറവ്, ബാബുരാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.