കൊച്ചി: സംസ്ഥാനത്തിനുള്ള റേഷൻ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ഹൈകോടതി. ഓൾ ഇന്ത്യ റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ബേബിച്ചൻ മുക്കാടൻ അടക്കം റേഷൻ ഡീലർമാർ നൽകിയ ഹരജിയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ജസ്റ്റിസ് ടി.ആർ. രവി നിർദേശം നൽകിയത്.
റേഷൻ വിതരണത്തിനുള്ള മണ്ണെണ്ണ വിഹിതം കുറച്ചതിനാൽ ആവശ്യത്തിന് തികയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, ഇത് സർക്കാറിെൻറ നയപരമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട പാചകവാതക ഉപയോഗവും വൈദ്യുതീകരണവുമുള്ള സംസ്ഥാനമെന്നത് പരിഗണിച്ചാണ് വിഹിതം കുറച്ചത്. മായം ചേർക്കാനായി മണ്ണെണ്ണ ദുരുപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
പാചകവാതക, വൈദ്യുതീകരണ കവറേജ് സംസ്ഥാനത്ത് നൂറുശതമാനം കവിഞ്ഞതിെൻറ പേരിലാണ് മണ്ണെണ്ണ വിഹിതം കുറച്ചിരിക്കുന്നതെന്നും പാചകത്തിനും വിളക്കുതെളിക്കാനുമായി മാത്രമാണ് ഇപ്പോൾ റേഷൻ മണ്ണെണ്ണ ലഭിക്കുന്നതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. മണ്ണെണ്ണയുടെ ത്രൈമാസ വിഹിതം കൂട്ടണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്രം ചൂണ്ടിക്കാട്ടിയ കാരണങ്ങളിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് ഇക്കാര്യങ്ങൾ പരിഗണിക്കണമെന്ന് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.