കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവിങ് ടെസ്റ്റുകളുടെ തുഗ്ലക് പരിഷ്കാരം മാറ്റി പഴയപടിയിലേക്ക്. സംസ്ഥാനത്ത് ദിനംപ്രതി നടക്കുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണപ്പെരുപ്പംകൊണ്ട് ഗുണമേന്മ കുറയുന്നുവെന്ന് വ്യക്തമാക്കി, വിവാദമായ ഉത്തരവിലൂടെ എണ്ണം കുറച്ച നടപടിയാണ് പതിയെപ്പതിയെ നേർപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ആർ.ടി.ഒമാരുടെ യോഗത്തിലാണ് ദിനംപ്രതി ഒരു എം.വി.ഐ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽനിന്ന് അമ്പതായി ഉയർത്തി ഗതാഗത മന്ത്രി ഉത്തരവ് വീണ്ടും പരിഷ്കരിച്ചത്.
ചുമതലയേറ്റയുടൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഒരു എം.വി.ഐ 60 ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് വെട്ടിച്ചുരുക്കി നാൽപതാക്കുകയായിരുന്നു. പകരം വിവിധ സ്ലോട്ട് സംവിധാനം കൊണ്ടുവരുകയും ചെയ്തു. അറുപതിൽനിന്ന് നാൽപതാക്കി ചുരുക്കിയതിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ നേതൃത്വത്തിൽ സമരമുൾപ്പെടെയുടെ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നെങ്കിലും മന്ത്രി വഴങ്ങിയിരുന്നില്ല. അറുപതിൽ കൂടുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ടെസ്റ്റ് നടത്തുന്ന രീതിയുടെ പ്രായോഗിക വശങ്ങളിൽ തെളിവുമെടുത്തിരുന്നു. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന അതേ എം.വി.ഐ ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതും വിലക്കിയിരുന്നു. എന്നാൽ, ആ നിർദേശവും പിൻവലിച്ചു.
ഡ്രൈവിങ് ടെസ്റ്റിന്റെ നിലവാരം ഉയർത്താൻ ടെസ്റ്റുകളുടെ എണ്ണം കുറക്കണമെന്ന താൽപര്യമാണ് ഭൂരിഭാഗം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും. പരിഷ്കാര നടപടികളുമായി പൊരുത്തപ്പെട്ടുവരുന്നതിനിടെ മന്ത്രിയുടെ പൊടുന്നനെയുള്ള മലക്കംമറിച്ചിൽ ആക്ഷേപത്തിനും പരിഹാസത്തിനുമിടയാക്കി. മന്ത്രിപദം ഏറ്റെടുത്തയുടനുള്ള ഷോ വർക്ക് മാത്രമായിരുന്നുവെന്നും ഉദ്യോഗസ്ഥരിൽ സമ്മർദമുണ്ടാക്കാനുള്ള തന്ത്രമായിരുന്നുവെന്നുമാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.