കാക്കനാട്: ഛർദിയും വയറിളക്കവും ബാധിച്ച് കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിലെ 70 പേർ കൂടി ബുധനാഴ്ച ചികിത്സ തേടി. ഇതോടെ ചികിത്സ തേടിയവരുടെ എണ്ണം 370 ആയി. രോഗലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണം 600 കവിഞ്ഞു.
തൃക്കാക്കരയിലെയും സമീപ തദ്ദേശ സ്ഥാപനങ്ങളിലെയും ആശാ വർക്കർമാരുടെ നേതൃത്വത്തിൽ ഓരോ ഫ്ലാറ്റിലും സർവേ പുരോഗമിക്കുകയാണ്. ഫ്ലാറ്റിലെ കിണറുകളിൽ ഡബിൾ ക്ലോറിനേഷൻ നടപടികൾ ആരംഭിച്ചെങ്കിലും വെള്ളം ഉപയോഗിക്കാൻ താമസക്കാർ തയ്യാറായിട്ടില്ല. മൂന്ന് കിണർ, മൂന്ന് കുഴൽ കിണർ, മഴ വെള്ള സംഭരണി എന്നിവയിലാണ് ഡബിൾ ക്ലോറിനേഷൻ നടത്തിയത്.
ഫ്ലാറ്റിലെ പ്രധാന കുടിവെള്ള വിതരണ സ്രോതസ്സുകളിൽനിന്ന് ബുധനാഴ്ചയും സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം ലഭ്യമായാൽ മാത്രമേ അണുബാധയുടെ ഉറവിടം കണ്ടത്താൻ കഴിയൂ.
തൃക്കാക്കര സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ഫാമിലി മെഡിസിൻ വിഭാഗത്തിലെ ആരോഗ്യ പ്രവർത്തകർ ഫ്ലാറ്റിലെത്തി മരുന്നുകൾ നൽകി. സഹകരണ ആശുപത്രിയിൽ 70ഓളം പേരാണ് ചികിത്സ തേടിയത്. ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഫ്ലാറ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 15 ടവറുകളിലായി 1268 ഫ്ലാറ്റുള്ള ഡി.എൽ.എഫിൽ 5000ത്തിലധികം താമസക്കാരാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.