കൊച്ചി: ലാവലിൻ കേസിൽ പുതിയ ആരോപണവുമായി എക്സാലോജിക് മാസപ്പടി കേസിലെ പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ്. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പേഴ്സനൽ സ്റ്റാഫായി നിയമിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
2016ൽ ആദ്യ തവണ മുഖ്യമന്ത്രിയായതു മുതൽ അദ്ദേഹം തൽസ്ഥാനത്തുണ്ടെന്നും ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയെന്നോണമാണ് ഈ നിയമനമെന്നും ഷോൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2008ൽ കൊച്ചി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനിലെ അഡീഷനൽ ഡയറക്ടറായിരുന്ന ആർ. മോഹൻ നിലവിൽ മുഖ്യമന്ത്രിയുടെ സ്പെഷൽ ഓഫിസറാണ്. 21 സ്റ്റാഫുകളിൽ നാലാം സ്ഥാനത്താണ് ഇദ്ദേഹം.
പിണറായി വിജയൻ എസ്.എൻ.സി ലാവലിൻ കമ്പനിയിൽനിന്ന് കമീഷൻ വാങ്ങി സിംഗപ്പൂരിലെ കമല ഇൻറർനാഷനൽ എക്സ്പോർട്ടേഴ്സിൽ നിക്ഷേപിച്ചുവെന്ന ആരോപണത്തിൽ നടത്തിയ അന്വേഷണത്തിൽ സിംഗപ്പൂരിൽ അത്തരത്തിലൊരു കമ്പനിയില്ലെന്ന് കണ്ടെത്തി എന്നാണ് ആർ. മോഹൻ നൽകിയ റിട്ട് ഹരജിയിലെ പ്രധാന വെളിപ്പെടുത്തൽ.
ഈ ക്ലീൻ ചിറ്റിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം നന്ദകുമാർ നൽകിയ കേസ് തള്ളിപ്പോയതെന്നും ഷോൺ പറഞ്ഞു. മോഹന്‍റെ സർവിസ് കാലത്തെ ഇത്തരം ഇടപെടലുകൾ അന്വേഷിക്കാൻ കേന്ദ്രത്തിന് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷോണിന്‍റെ ആരോപണങ്ങൾ തള്ളി ആർ. മോഹൻ
തിരുവനന്തപുരം: തനിക്കെതിരെ ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം ആർ. മോഹൻ രംഗത്ത്. സർവിസിൽനിന്ന് സ്വയം വിരമിച്ച് മൂന്നുവർഷം കഴിഞ്ഞാണ് താൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായത്. എന്തെങ്കിലും ആനുകൂല്യത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ തന്നെ നിയമിച്ചെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. 2021മേയ് വരെ ആ സ്ഥാനത്ത് തുടർന്നു. അതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ മുഴുവൻസമയ പ്രവർത്തനം നടത്തുന്നില്ല. 2019 മുതൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്തും ഭാഗികമായി ചുമതലകൾ നിർവഹിക്കുന്ന കാലത്തും താൻ സർക്കാറിൽനിന്ന് വേതനം വാങ്ങിയിട്ടില്ല. ആദായനികുതി വകുപ്പിൽ അഡീഷനൽ ഡയറക്ടറായിരുന്നപ്പോൾ ഹൈകോടതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിനെ പറ്റിയാണ് ആരോപണം. മേലുദ്യോഗസ്ഥരുടെ അനുമതിയോടും കൂടിയായിരുന്നു റിപ്പോർട്ടുകൾ സമർപ്പിച്ചതെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.