കൊച്ചി: സുപ്രീംകോടതിയുടെ കനിവിൽ പിതാവിനെ കാണാൻ കാതങ്ങൾക്കപ്പുറത്തുനിന്ന് വിളിപ്പാടകലെയെത്തിയ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ആഗ്രഹം പൂർത്തിയാക്കാനാകാതെ വെള്ളിയാഴ്ച ബംഗളൂരുവിലേക്ക് മടങ്ങുന്നു. അഞ്ച് വർഷത്തിനുശേഷം കാത്തിരുന്ന് കിട്ടിയ കൂടിക്കാഴ്ചയാണ് ശാരീരികാവസ്ഥ വില്ലനായതോടെ മഅ്ദനിക്കും പിതാവിനും നഷ്ടമായത്. സുപ്രീംകോടതി അനുവദിച്ച ജാമ്യ ഇളവിന്റെ ബലത്തിൽ ശയ്യാവലംബിയായ പിതാവിനെ കാണാനാണ് കഴിഞ്ഞമാസം 26ന് മഅ്ദനി ബംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയത്.
കടുത്ത ശാരീരിക അവശതകൾക്കിടയിലും പ്രിയപുത്രൻ വരുന്നുണ്ടെന്ന വാർത്ത റിട്ട. അധ്യാപകൻ കൂടിയായ പിതാവിന് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. എന്നാൽ, നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി കൊല്ലത്തേക്കുള്ള യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം രൂക്ഷമായ മഅ്ദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശാരീരികക്ഷമത കൈവരിച്ച് പിതാവിനടുക്കലേക്ക് എത്തുമെന്ന ഉറ്റവരുടെ പ്രതീക്ഷകൾക്ക് അദ്ദേഹത്തിന്റെ ഉയർന്ന രക്തസമ്മർദവും ക്രിയാറ്റിൻ അളവും മറ്റനേകം ശാരീരിക പ്രശ്നങ്ങളും തിരിച്ചടിയായി.
ഇതിനിടെ, പിതാവിനെ കൊച്ചിയിലെത്തിച്ച് കൂടിക്കാഴ്ചക്ക് അവസരമൊരുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയും ഗുരുതരമായതിനാൽ നടന്നില്ല. സുപ്രീംകോടതിയിൽ 10ന് പരിഗണിക്കുന്ന മുൻകൂർ ജാമ്യ ഹരജി നേരത്തേയാക്കാൻ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഇതോടെയാണ് സുപ്രീംകോടതി നിർദേശമനുസരിച്ച് വെള്ളിയാഴ്ചതന്നെ മടങ്ങാൻ നിർബന്ധിതനായത്. രാത്രി 9.20നുള്ള ഇൻഡിഗോ വിമാനത്തിൽ അദ്ദേഹം നെടുമ്പാശ്ശേരിയിൽനിന്ന് ബംഗളൂരുവിലേക്ക് തിരിക്കും.
ഏപ്രിൽ 17നാണ് പിതാവിനെ സന്ദർശിക്കാൻ മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നൽകിയത്. എന്നാൽ, സുരക്ഷാ ചെലവിനത്തിൽ അന്നത്തെ കർണാടക സർക്കാർ 60 ലക്ഷം രൂപ ചുമത്തിയതോടെ യാത്ര ഒഴിവാക്കുകയായിരുന്നു. പുതിയ കർണാടക സർക്കാർ ഇക്കാര്യത്തിൽ നേരിയ ഇളവ് അനുവദിച്ചതോടെയാണ് പിതാവിനെ കാണുക എന്ന ആഗ്രഹം മാത്രം മുൻനിർത്തി 12 ദിവസത്തേക്ക് കേരളത്തിലെത്തിയത്.
12 ദിവസത്തെ കേരള വാസത്തിന് അദ്ദേഹത്തിന് ചെലവ് ഏഴ് ലക്ഷത്തോളം രൂപയാണ്. ഇതിൽ സുരക്ഷാ ചെലവിനത്തിൽ കർണാടക സർക്കാർ ഈടാക്കുന്ന തുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ താമസ-ഭക്ഷണ ചെലവും ഉൾപ്പെടും. ഇതിനുപുറമേയാണ് അദ്ദേഹത്തിന്റെ ചികിത്സച്ചെലവുകൾ. നിലവിൽ ഒരു സബ് ഇൻസ്പെക്ടർ അടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് മഅ്ദനിക്കൊപ്പമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.