909 പേർ 2016 മുതല്‍ വന്യജീവി ആക്രമണങ്ങളില്‍ മരി​ച്ചെന്ന് പ്രതിപക്ഷ നേതാവ്

ആലുവ: 2016 മുതല്‍ വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 909 ആയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ വര്‍ഷം മാത്രം ഏഴ് പേരെയാണ് വനാതിര്‍ത്തികളില്‍ കാട്ടാന ചവിട്ടിക്കൊന്നത്. എന്നിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരിക്കുന്നു. ഇത്തവണത്തെ ബജറ്റില്‍ ആകെ നീക്കി വച്ചിരിക്കുന്ന 48 കോടി രൂപയാണ്. ഇലക്ട്രിക് ഫെന്‍സിങിനോ ട്രെഞ്ച് നിര്‍മ്മാണത്തിനോ ഒരു പദ്ധതിയും സര്‍ക്കാരിന്റെ പക്കലില്ല. മനുഷ്യനെയും അവൻറെ സ്വത്തിനെയും വന്യമൃഗങ്ങളുടെ ദയാവദത്തിന് സര്‍ക്കാര്‍ വിട്ടു നല്‍കിയിരിക്കുകയാണ്.

കാട്ടാന ഭീഷണിയുള്ള നേര്യമംഗലത്ത് വനംവകുപ്പിൻറെ ഒരു മേല്‍നോട്ടവുമില്ല. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരും പരിക്കേറ്റവരും ഉള്‍പ്പെടെ ഏഴായിരത്തില്‍ അധികം പേര്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനുള്ളത്. മലയോര മേഖലയിലെ കൃഷിയും ഉപജീവനമാര്‍ഗങ്ങളും പൂര്‍ണമായും നിലച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കും.

മാസപ്പടി, സിദ്ധാര്‍ത്ഥിൻറെ കൊലപാതകം തുടങ്ങിയവയിൽ നിന്ന് ജനശ്രദ്ധതിരിച്ച് വിടാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. ജനശ്രദ്ധ മാറ്റാമെന്നൊന്നും കരുതേണ്ട. ഈ വിഷയങ്ങളൊക്കെ അവിടെത്തന്നെ കാണും. മരിച്ച ഇന്ദിര രാമകൃഷ്ണൻറെ ഭര്‍ത്താവിൻറെയും മകൻറെയും സഹോദരൻറെയും അനുമതിയോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കേരളത്തില്‍ ആദ്യമായല്ല മൃതദേഹം വച്ച് പ്രതിഷേധിക്കുന്നത്. ഇതൊക്കെ വൈകാരികമായി ഉണ്ടാകുന്ന പ്രതിഷേധമാണ്. മൃതദേഹത്തോട് അനാദരവ് കാട്ടിയത് പൊലീസാണ്. കള്ളക്കേസെടുത്ത് ഭയപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

സമരം ഉണ്ടായതു കൊണ്ടാണ് നഷ്ടപരിഹാരം നല്‍കാന്‍ പോലും തയാറായത്. പ്രതിഷേധിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം പോലും നല്‍കാത്ത അവസ്ഥയാണ്. വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിന് ഒരു നടപടിയുമില്ല. സര്‍ക്കാര്‍ എല്ലാ മേഖലകളിലും നിഷ്‌ക്രിയമായി നോക്കി ഇരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Tags:    
News Summary - The opposition leader said that 909 people have died in wild animal attacks since 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.