എ.ഐ നിർമിത പ്രതീകാത്മക ചിത്രം 

‘ചെരിപ്പൊന്നും ഇല്ല മോളേ.. ഉരുള് പൊട്ടിയപ്പോ ജീവൻ മാത്രം കൂടെ കൂട്ടി ഓടിയതാ...’ -ചൂരൽമലയിലെ വയോധികയുടെ ദുരിതം പങ്കുവെച്ച് ഫാർമസിസ്റ്റ്

​വൈത്തിരി: ‘‘എഴുപത്തഞ്ച് വയസ്സോളം പ്രായമുള്ള അമ്മ കുടയില്ലാതെ മഴ നനഞ്ഞ് വിറച്ച് വിറച്ച് നടക്കുന്നു. കൂടെയാരും ഇല്ല. കാലിൽ ചെരിപ്പില്ല. അമ്മയെന്താ ചെരിപ്പിടാത്തേ എന്ന ചോദ്യത്തിന് മറുപടി നൽകിയതിങ്ങനെ: ചെരിപ്പൊന്നും ഇല്ല മോളേ.. ഉരുള് പൊട്ടിയപ്പോ ജീവൻ മാത്രം കൂടെ കൂട്ടി ഓടിയതാ. ചൂരൽമല പാഡിയിലാ വീട്. എല്ലാം പോയി. ഒരു മകളുണ്ട്. അവളുടെ വീട് ചുണ്ടയിലാ.. അങ്ങോട്ടാണ് പോവുന്നത്....’’

വൈത്തിരി താലൂക്ക് ആശുപത്രി ഫാർമസിസ്റ്റ് ശബ്ന ഷംസുവിന്റെ കുറിപ്പാണിത്. ബുധനാഴ്ച ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആശുപത്രിക്ക് സമീപം ഇവർ ഈ അമ്മയെ കണ്ടത്. മഴ നനഞ്ഞ് നടക്കുന്ന അമ്മ 'മോള് ബസ് സ്‌റ്റോപ്പിലേക്കാണെങ്കിൽ എന്നേം കൂടെ കൂട്ടോ'ന്ന് ചോദിച്ച് ഒപ്പം കൂടുകയായിരുന്നു. ബസ് യാത്രക്ക് കൂലി പൊലുമില്ലാത്ത അവരുടെ സങ്കടം കണ്ടപ്പോൾ നെഞ്ച് പൊള്ളിയതായും ശബ്ന പറയുന്നു.

ഇതേക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം:

ഇന്നലെ ഈവെനിംഗ് ഡ്യൂട്ടിയായിരുന്നു.. വൈകിട്ട് ആറ് മണിക്കാണ് ഇറങ്ങിയത്.. അത്ര ശക്തിയില്ലെങ്കിലും നന്നായി മഴ പെയ്യുന്നുണ്ട്.. ഹോസ്പിറ്റലിന്റെ ഗേറ്റ് കഴിഞ്ഞ് റോഡിലെത്തിയപ്പോ ഒരു എഴുപത്തഞ്ച് വയസ്സോളം പ്രായമുള്ള അമ്മ കുടയില്ലാതെ മഴ നനഞ്ഞ് വിറച്ച് വിറച്ച് നടക്കുന്നു.

ഞാൻ അടുത്തെത്തിയപ്പോ, 'മോള് ബസ് സ്‌റ്റോപ്പിലേക്കാണെങ്കിൽ എന്നേം കൂടെ കൂട്ടോ'ന്ന് ചോദിച്ചു..

ഞാനവരെ കുടയില് കൂട്ടി. ഇടത്തേ ചുമല് പിടിച്ച് ചേർത്ത് നിർത്തി. അവര് വലത് കൈ കൊണ്ട് എന്റെ അരക്കൊപ്പം ചുറ്റി പിടിച്ചു. റോഡിന്‌ ഓരം ചേർന്ന് നടക്കുമ്പോ ഒരേ താളം. ഒരേ ചവിട്ട് പടി.

ഞാൻ അമ്മയുടെ പേര് ചോദിച്ചു.

കൗസല്യയെന്ന് പറഞ്ഞു.

സംസാരത്തിലൊരു തമിഴ് ചുവയുണ്ട്.

വിറയലും തലവേദനയും കൂടിയപ്പോ കാണിക്കാൻ വന്നതാണ്.. കൂടെയാരും ഇല്ല. കാലില് ചെരിപ്പില്ല.. പിന്നിചുളുങ്ങിയ ഒരു കവറും നരച്ച സാരിയും..

'അമ്മയെന്താ ചെരിപ്പിടാത്തേ..?'

'ചെരിപ്പൊന്നും ഇല്ല മോളേ.. ഉരുള് പൊട്ടിയപ്പോ ജീവൻ മാത്രം കൂടെ കൂട്ടി ഓടിയതാ. ചൂരൽമല പാഡിയിലാ വീട്. എല്ലാം പോയി. ഒരു മകളുണ്ട്. അവളുടെ വീട് ചുണ്ടയിലാ.. അങ്ങോട്ടാണ് പോവുന്നത്. അയൽക്കാരൊക്കെ ഇങ്ങളെ ആൾക്കാരായിരുന്നു.. ദുബായ്ക്കാരൊക്കെ ണ്ട്. അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഒന്നും അറിയില്ല മോളേ.. കൊറെ സഗായം ചെയ്ത ആളുകള്.. ഇപ്പോ ഒന്നും തിരിയില്ല. ഒന്നും അറിയില്ല...'

അമ്മ നിർത്താതെ പറഞ്ഞോണ്ടിരുന്നു.

ഞാൻ ഒന്നൂടെ ചേർത്ത് പിടിച്ചു.

'അമ്മ ഇനി അതൊന്നും ഓർക്കണ്ട. സഹായിക്കാനൊക്കെ ഇനിയും ആളുകളുണ്ടാവും. ഓരോന്ന് ചിന്തിച്ച് പ്രഷറും വിറയലും കൂട്ടണ്ട.'

ബസ്റ്റോപ്പിലെത്താൻ കുറച്ച് ദൂരം കൂടിയേ ഉള്ളൂ. എനിക്ക് പെട്ടെന്ന് തീർന്ന് പോവല്ലേന്ന് തോന്നിയ ഒരു നടത്തം.

അമ്മ എന്നെക്കുറിച്ചും മക്കളെ കുറിച്ചും വീട്ടുകാരെ കുറിച്ചും ഒക്കെ ചോദിച്ചു.

പെൺമക്കളാണെന്ന് പറഞ്ഞപ്പോ നിറഞ്ഞ് ചിരിച്ചു..

'എത്തറ നല്ലതാണെന്നോ പെമ്മക്കള്... ദുബായിലൊക്കെ പെമ്മക്കളെ നല്ലോണം നോക്കും. രാജാത്തിമാരാ.. എന്റെ അയൽവാസികള് ഇങ്ങളെ കൂട്ടരാ... അവര് പറഞ്ഞ് തരും ദുബായിലെ കഥകള്.. നല്ല ആളുകള്... നല്ലോണം സഗായിക്കും..'

പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുമ്പോ ഞാനോർക്കുകയായിരുന്നു,

മരിക്കോളം ഈ ഒരു ആഘാതം നൽകിയ മുറിവ് അവരുടെ കണ്ണിലും ഖൽബിലും ഉണ്ടാവില്ലേന്ന്...

ഞങ്ങള് ബസ് സ്റ്റോപ്പിലെത്തി.

'മോളേ.. എന്റെ കയ്യില് പൈസയില്ല. ചുണ്ടേല് വരെ എന്റെ ടിക്കറ്റെടുക്കോ?'

എന്റെ നെഞ്ച് പൊള്ളി. എന്റെ വെല്ലിമ്മ മരിക്കുന്ന സമയത്തുള്ള പ്രായമുണ്ട് അമ്മക്ക്. ഓരോ മക്കളും വെല്ലിമ്മയെ പൊന്ന് പോലെ കൈ വെള്ളയിൽ വെച്ചാ നോക്കിയത്. ഇവിടെ ചെരിപ്പില്ലാതെ, കുടയില്ലാതെ, യാത്രാക്കൂലി പോലും ഇല്ലാതെ വലിയ ഒരു ദുരന്തം അതിജീവിച്ചങ്ങനെ....

എന്തെല്ലാം പരീക്ഷണങ്ങളാണ്..

ബസില് അത്യാവശ്യം തിരക്കുണ്ട്. കെ.എസ്.ആർ.ടി.സിയാണ്. മുമ്പിലെ സീറ്റിലെ ആള് അമ്മക്ക് എഴുന്നേറ്റ് കൊടുത്തു. ഞാൻ രണ്ടാൾടേം ടിക്കറ്റെടുത്തു. അമ്മേന്റെ പുറകില് നിന്നു. ഇടക്കിടക്ക് തിരിഞ്ഞ് നോക്കി മോളേന്ന് നീട്ടി വിളിച്ചു..

'ബാക്കിലേക്ക് നിക്കണ്ട... ഞാൻ എണീക്കുമ്പോ ഇവിടിരിക്കാ...'

ഞാൻ തൊട്ട് പുറകിൽ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്താൻ ഇടക്കിടക്ക് തിരിഞ്ഞ് നോക്കി. ഏകദേശം ചുണ്ടേലെത്താറായി.

മഴ ശക്തി കൂടിയിട്ടുണ്ട്..

എന്റെ പേഴ്സില് ബാക്കിയുണ്ടായിരുന്ന പൈസയും നനഞ്ഞ കുടയും അമ്മക്ക് കൊടുത്തു. വാങ്ങാൻ കൂട്ടാക്കാതെ കണ്ണ് നിറച്ചു. നിർബന്ധിച്ച് കയ്യില് പിടിപ്പിച്ചു..

ചുണ്ടേലെത്തിയപ്പോ എന്നെ ആ സീറ്റിലിരുത്തിയിട്ടാണ് അമ്മ ഇറങ്ങാൻ നിന്നത്.. എനിക്ക് എന്തിനോ നെഞ്ച് കനത്തു. അരക്കൊപ്പം എന്നെ ചുറ്റിപ്പിടിച്ചപ്പോ കുറച്ച് സമയത്തേക്ക് ഞാൻ ആദ്യമായി കാണുന്ന ഒരു സ്നേഹത്തിൽ മുറുകിയ പോലെ തോന്നി.. ഇനി കാണുമെന്ന് ഉറപ്പില്ലാതെ അവര് പോവാണ്.. വിറച്ചോണ്ട് മുമ്പിലെ കമ്പി പിടിച്ച് ഇറങ്ങാൻ നിക്കുമ്പോ അമ്മ ഡ്രൈവറോട് പറയുന്നുണ്ട്..

'മോനേ... എനിക്ക് മെല്ലെ ഇറങ്ങാൻ പറ്റുള്ളൂ ട്ടോ...'

തിരക്കില്ല മെല്ലെ മതീന്ന് ഡ്രൈവറും...

സ്റ്റെപ്പിലെത്തി ഡോറ് തുറക്കാൻ നേരം തിരിഞ്ഞ് നോക്കി ഉറക്കനെ വിളിച്ചു..

'മോളേ..'

കണ്ണ് നിറഞ്ഞ് ഞാൻ അവരെ നോക്കിയപ്പോ ചിരിച്ച് കൊണ്ട് പറഞ്ഞു..

'അസ്സലാമു അലൈകും..'

ഡോറ് തുറന്ന് ഇറങ്ങുന്നത് നോക്കി ഞാനും പറഞ്ഞു,

'വ അലൈകുമുസലാം..'

Tags:    
News Summary - wayanad landslide: Pharmacist shares story of an old age victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.