പെരുമ്പാവൂര്‍: മുഴുവന്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളെയും കുടിയേറ്റതൊഴിലാളി നിയമത്തിന്റെ ഭാഗമാക്കി വര്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതിന് നിയമ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി ആവശ്യപ്പെട്ടു.
അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടികള്‍ നിലച്ചിരിക്കുകയാണ്.
1979ലെ കേന്ദ്ര കുടിയേറ്റ തൊഴിലാളി നിയമപ്രകാരം ഒരു കരാറുകാരന്റെ കീഴില്‍ അഞ്ചോ അതില്‍ കൂടുതലോ തൊഴിലാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായി വരുമ്പോഴാണ് രജിസ്ട്രേഷന് വ്യവസ്ഥകള്‍ ബാധകമാകുന്നതെന്നും സ്ഥിരമായി ഒരിടത്ത് തൊഴിലില്‍ ഏര്‍പ്പെടാത്തവരും ഹ്രസ്വകാലത്തേക്ക് തൊഴിലിനായി എത്തിച്ചേരുന്നവരും നിയമപ്രകാരമുള്ള രജിസ്ട്രേഷന്റെ ഭാഗമാകുന്നില്ലെന്നുമാണ് വിവരാവകാശ അന്വേഷണത്തിന് ലഭിച്ചിട്ടുള്ള മറുപടി.
സ്ഥിരമായി ഒരിടത്ത് തൊഴിലില്‍ ഏര്‍പ്പെടാത്തവരും ഹ്രസ്വകാലത്തേക്ക് തൊഴിലില്‍ ഏര്‍പ്പെടുന്നവരുമാണ് ഭൂരിഭാഗം അന്തർ സംസ്ഥാനക്കാരും. കേന്ദ്ര കുടിയേറ്റ തൊഴിലാളി നിയമം നിഷ്കര്‍ഷിക്കുന്ന രജിസ്ട്രേഷന് തൊഴില്‍ വ്യവസ്ഥകളൊന്നും ഇവര്‍ക്ക് ബാധകമല്ല.
വിവരാവകാശ രേഖകള്‍ പ്രകാരം ആവാസ് പദ്ധതി മുഖേന 516,320, കുടിയേറ്റതൊഴിലാളി ക്ഷേമനിധി പ്രകാരം 164,761, അതിഥി പോര്‍ട്ടല്‍ വഴി 115,523 എന്നിങ്ങനെ ആകെ 796,604 തൊഴിലാളികളാണ് ഇതുവരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര കുടിയേറ്റതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കാത്തതും പുതിയ സാഹചര്യത്തില്‍ നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് പുതിയ നിയമനിര്‍മാണത്തിന് തയ്യാറാകാത്തതുമാണ് 35 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളുള്ളതിൽ നാലിലൊന്ന് ഭാഗം പോലും വിവരശേഖരണത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്നതിന് പ്രധാന കാരണമെന്ന് മാനവദീപ്തി പ്രസിഡന്റ് വര്‍ഗീസ് പുല്ലുവഴി പറഞ്ഞു.
തൊഴിലാളികളുടെ പെരുപ്പം പെരുമ്പാവൂരും സമീപപ്രദേശങ്ങളിലും സൃഷ്ടിക്കുന്ന സാമൂഹ്യ അസ്വസ്ഥതകള്‍ പരിഹരിക്കുക, സംസ്ഥാന വ്യാപകമായി അതിഥി തൊഴിലാളികളുടെ വിവരശേഖരണം പൂര്‍ത്തിയാക്കുക, അതിഥി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക, കുടിയേറ്റ തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.