പാര്‍ട്ടി കൊലയാളി സംഘങ്ങളെ ജയില്‍ മോചിതരാക്കാനുള്ള ഉത്തരവ് റദ്ദാക്കണം -വി.ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ദുരുദ്ദേശ്യപരവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജയിലുകളില്‍ കഴിയുന്ന സി.പി.എം പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള കൊലയാളികളെ വിട്ടയക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത്. സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ പ്രത്യേക ഇളവ് നല്‍കി രാഷ്ട്രീയ കൊലയാളികള്‍ ഒഴികെയുള്ള തടവുകാരെ മോചിപ്പിക്കാറുണ്ട്. പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടവരെ കൂടി ഉള്‍പ്പെടുത്താനുള്ള നവംബര്‍ 23ലെ മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടര്‍ന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും നിയമവിരുദ്ധമാണ്. ഇത് രണ്ടും അടിയന്തിരമായി റദ്ദാക്കണം.

കേരളത്തെ നടുക്കിയ ടി.പി ചന്ദ്രശേഖരന്‍ വധവും പെരിയ ഇരട്ട കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളെ നിയമവിരുദ്ധമായി ജയിലിന് പുറത്തെത്തിക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള നിയമസഭാ കണക്കനുസരിച്ച് 1861 രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ളത്. ഈ പ്രതികളെല്ലാം സി.പി.എം- ആര്‍.എസ്.എസ് ക്രിമിനലുകളാണ്. കൊലയാളി സംഘങ്ങളെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമനത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ക്രമസമാധാനനില തകര്‍ത്തും ജനങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കിയും സംസ്ഥാനത്തെ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോരയില്‍ മുക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനവിധി നിയമവിരുദ്ധമായ എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും മനസിലാക്കണം. ഉത്തരവ് നടപ്പാക്കുമെന്ന വാശിയിലാണ് സര്‍ക്കാരെങ്കില്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് യു.ഡി.എഫ് ചെറുക്കുമെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - The order to release party killer gangs from prison should be cancelled -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.