കൊച്ചി: ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രവൃത്തികൾക്കൊടുവിൽ പാലാരിവട്ടം പാലം പൊളിക്കൽ പൂർണമായി. പാലത്തിെൻറ 19 സ്പാനുകളിൽ പൊളിക്കേണ്ട 17 എണ്ണം പൊളിച്ചുമാറ്റി. മധ്യത്തിലേത് ഉൾപ്പെടെ രണ്ട് സ്പാനുകളുടെ നാല് പിയർക്യാപ്പുകൾ പൊളിക്കുന്ന ജോലി ഡിസംബർ പത്തോടെ ആരംഭിക്കും. പാലം പുനർനിർമാണം സമാന്തരമായി നടക്കുന്നുണ്ട്.
രണ്ടുമാസം മുമ്പ് തുടങ്ങിയ പൊളിക്കൽ പൂർത്തിയാക്കാൻ രാപ്പകലില്ലാതെ 60 തൊഴിലാളികളാണ് പണിയെടുത്തത്. പുനർനിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ കീഴിൽ പെരുമ്പാവൂർ ആസ്ഥാനമായ പള്ളാശ്ശേരി എർത്ത് വർക്സാണ് പണി ഏറ്റെടുത്തത്.
ഡി.എം.ആർ.സി ചീഫ് എൻജിനീയർ ജി. കേശവചന്ദ്രൻ മേൽനോട്ടം വഹിച്ചു. ദക്ഷിണേന്ത്യയിൽ ഇത്ര വലിയൊരു കോൺക്രീറ്റ് നിർമിതി പൊളിച്ചുമാറ്റുന്നത് ആദ്യമായാണ്. ദേശീയപാത 66ൽ ഏറ്റവും ഗതാഗതത്തിരക്കേറിയ ഭാഗത്തെ പാലം പൊളിക്കുന്നതിെൻറ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നില്ല. രാത്രി ഒമ്പതരക്ക് ശേഷമാണ് ക്രെയിനുകൾ നിലയുറപ്പിക്കാൻ അനുമതി നൽകിയിരുന്നത്. തുടർന്ന് പാലത്തിന് ഇരുവശത്തുകൂടിയും ഗതാഗതം ഒറ്റവരിയാക്കി. പുലർച്ച ആറിന് മുമ്പ് ക്രെയിനുകൾ മാറ്റണമെന്നും പൊലീസ് നിർദേശിച്ചിരുന്നു. തുടർന്ന് ഗതാഗതം രണ്ടുവരിയാക്കി വാഹനത്തിരക്ക് കുറക്കാൻ വഴിയൊരുക്കി. ആറു ഡയമണ്ട് കട്ടറുകൾ ഉപയോഗിച്ചാണ് പൊളിക്കൽ ദൗത്യം സുരക്ഷിതമായി പൂർത്തിയാക്കിയതെന്ന് പള്ളാശ്ശേരി എർത്സ് വർക്ക് ഉടമ ജിേൻറാ പൗലോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.