മൃതദേഹത്തോട് അനാദരവ് കാട്ടിയത് പൊലീസ്; ഷിയാസിനെ ഒന്നര മണിക്കൂര്‍ ജീപ്പില്‍ കറക്കിയത് എന്തിനെന്ന് വി.ഡി. സതീശൻ

ആലുവ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയത് പൊലീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബന്ധുക്കളില്‍ നിന്നും മൃതദേഹം തട്ടിയെടുത്ത് റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് ആംബുലന്‍സില്‍ കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെയും കിരാതമായി അറസ്റ്റു ചെയ്ത പൊലീസ് നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. ജനകീയ പ്രശ്‌നത്തില്‍ ഇടപെട്ടു എന്നല്ലാതെ ഒരു കുറ്റകൃത്യവും അവര്‍ നടത്തിയിട്ടില്ല. സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും ക്രൂരമായ നടപടിക്കെതിരായ വൈകാരിക പ്രതിഷേധമാണ് വയനാട്ടിലും കോതമംഗലത്തുമുണ്ടായത്.

കൊലയാളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ഡി.സി.സി അധ്യക്ഷനെ പിടിച്ചു കൊണ്ടു പോയത്. സിനിമകളില്‍ കാണുന്നത് പോലെ ഒന്നര മണിക്കൂര്‍ ജീപ്പില്‍ കറക്കിയത് എന്തിന് വേണ്ടിയായിരുന്നു? ടൂര്‍ കൊണ്ടു പോയതാണോ? അതോ അറസ്റ്റ് ചെയ്തതാണോ? അറസ്റ്റ് ചെയ്ത് ആരോഗ്യ പരിശോധന നടത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന നടപടിക്രമം പൊലീസാണ് ലംഘിച്ചത്. എന്തിനാണ് ഒന്നര മണിക്കൂര്‍ വാഹനത്തില്‍ കറക്കിയത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം. മാത്യു കുഴല്‍നാടനോട് വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ കിട്ടുന്ന ഒരു അവസരവും സര്‍ക്കാര്‍ കളയുന്നില്ല. സമരപ്പന്തലില്‍ ഇരുന്ന മാത്യുവിനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും സതീശൻ ചോദിച്ചു.

എറണാകുളം ലോ കോളജിലെ കെ.എസ്.യു നേതാവിനെ തട്ടിക്കൊണ്ടു പോയി കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ ക്രിമിനലിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ക്രിമിനലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഇഷ്ടം പോലെ നടക്കുമ്പോഴാണ് ഡി.സി.സി അധ്യക്ഷനെ പിടിച്ചുകൊണ്ടു പോയത്. കാമ്പസുകളില്‍ മുഖ്യമന്ത്രി ക്രിമിനലുകളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. 2017ല്‍ മഹരാജാസ് കോളജില്‍ പ്രിന്‍സിപ്പലായി എത്തിയ ബീന ടീച്ചര്‍ വിദ്യാർഥികള്‍ക്ക് വിട്ടു നല്‍കിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് ചെയ്ത് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടും തൊഴിലാളികളുടെ പണിയായുധങ്ങളാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. ഈ മുഖ്യമന്ത്രിയാണ് ക്രിമിനലുകള്‍ക്ക് തണലാകുന്നത്.

എന്തും ചെയ്യാന്‍ മടിക്കാത്ത ഒരാളെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാക്കി കേരളത്തിലെ കാമ്പസുകളില്‍ മുഴുവന്‍ ഇടിമുറികള്‍ ആരംഭിച്ച് വിദ്യാർഥികളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഘടനയാക്കി എസ്.എഫ്.ഐയെ മാറ്റി. ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എമ്മിന്റെ വിദ്യാർഥി യുവജന സംഘടനകളാണ്. എന്നിട്ടാണ് പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.

രാത്രി 12 മണിക്കാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാകോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ നിരാഹാര സമരം പന്തലിന് നേരെ പൊലീസ് അതിക്രമമുണ്ടായത്. പൊലീസിനെ വിട്ട് ഭയപ്പെടുത്തി സമരം അവസാനിപ്പിക്കാമെന്നാണോ കരുതുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപകസംഘത്തിന് പൊലീസിനെ ഉപയോഗിച്ച് എന്തും ചെയ്യാനുള്ള അധികാരം നല്‍കിയിരിക്കുകയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പൊലീസുകാര്‍ കാട്ടുന്നത്. രാജാവും പരിവാരങ്ങളും എക്കാലത്തും ഉണ്ടാകില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ത്തു വച്ചാല്‍ നല്ലതെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

ഈ വര്‍ഷം മാത്രം ഏഴ് പേരെയാണ് വനാതിര്‍ത്തികളില്‍ കാട്ടാന ചവിട്ടിക്കൊന്നത്. 2016 മുതല്‍ വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 909 ആയി. എന്നിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരിക്കുന്നു. ഇത്തവണത്തെ ബജറ്റില്‍ ആകെ നീക്കി വച്ചിരിക്കുന്ന 48 കോടി രൂപയാണ്. ഇലക്ട്രിക് ഫെന്‍സിങിനോ ട്രെഞ്ച് നിര്‍മ്മാണത്തിനോ ഒരു പദ്ധതിയും സര്‍ക്കാരിന്റെ പക്കലില്ല. മനുഷ്യനെയും അവന്റെ സ്വത്തിനെയും വന്യമൃഗങ്ങളുടെ ദയാവദത്തിന് സര്‍ക്കാര്‍ വിട്ടു നല്‍കിയിരിക്കുകയാണ്.

കാട്ടാന ഭീഷണിയുള്ള നേര്യമംഗലത്ത് വനം വകുപ്പിന്റെ ഒരു മേല്‍നോട്ടവുമില്ല. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരും പരിക്കേറ്റവരും ഉള്‍പ്പെടെ ഏഴായിരത്തില്‍ അധികം പേര്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനുള്ളത്. മലയോര മേഖലയിലെ കൃഷിയും ഉപജീവനമാര്‍ഗങ്ങളും പൂര്‍ണമായും നിലച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കും. ഇന്നലെ കളക്ടര്‍ സ്ഥലത്ത് എത്താമെന്ന് അറിയിച്ചിട്ടും മന്ത്രി ഇടപെട്ട് തടയുകയായിരുന്നു. ജനങ്ങളെ ശാന്തരാക്കുന്നതിന് പകരം ജനങ്ങളെ വെല്ലുവിളിക്കുകയുമാണ് ചെയ്തത്. മാസപ്പടിയില്‍ നിന്നും സിദ്ധാർഥിന്റെ കൊലപാതകത്തില്‍ നിന്നുമൊക്കെ ജനശ്രദ്ധതിരിച്ച് വിടാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. ജനശ്രദ്ധ മാറ്റാമെന്നൊന്നും കരുതേണ്ട. ഈ വിഷയങ്ങളൊക്കെ അവിടെത്തന്നെ കാണും.

മരിച്ച ഇന്ദിര രാമകൃഷ്ണന്റെ ഭര്‍ത്താവിന്റെയും മകന്റെയും സഹോദരന്റെയും അനുമതിയോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കേരളത്തില്‍ ആദ്യമായല്ല മൃതദേഹം വച്ച് പ്രതിഷേധിക്കുന്നത്. ഇതൊക്കെ വൈകാരികമായി ഉണ്ടാകുന്ന പ്രതിഷേധമാണ്. മൃതദേഹത്തോട് അനാദരവ് കാട്ടിയത് പൊലീസാണ്. കള്ളക്കേസെടുത്ത് ഭയപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. സമരം ഉണ്ടായതു കൊണ്ടാണ് നഷ്ടപരിഹാരം നല്‍കാന്‍ പോലും തയാറായത്. പ്രതിഷേധിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം പോലും നല്‍കാത്ത അവസ്ഥയാണ്. വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിന് ഒരു നടപടിയുമില്ല. സര്‍ക്കാര്‍ എല്ലാ മേഖലകളിലും നിഷ്‌ക്രിയമായി നോക്കി ഇരിക്കുകയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - The police disrespect the dead body; VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.