കാസർകോട്: ക്രമസമാധാനപാലനം മുഖ്യതൊഴിലായ പൊലീസിന് ഇപ്പോൾ വേറെ പണിയുണ്ട്. ഗുണ്ട-മാഫിയ ബന്ധങ്ങളുടെ പേരിൽ പ്രതിക്കൂട്ടിലായ പൊലീസിനെ ഇടത് സർക്കാർ ഏൽപിച്ചത് ക്രമസമാധാന പരിപാലനവുമായി ബന്ധമില്ലാത്ത കുറെ ജോലികൾ. ഇത്തരം 35ഓളം പരിപാടികൾ പൊലീസിനെ ദുർബലപ്പെടുത്തിയെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
സാമൂഹിക നീതി, വനിത-ശിശുക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, റവന്യൂ എന്നീ വകുപ്പുകൾ വഴി നടപ്പാക്കേണ്ട കാര്യങ്ങളും പൊലീസിനുമേൽ കെട്ടിവെക്കുകയാണെന്നാണ് ആക്ഷേപം. ഒറ്റപ്പെട്ടവരെ കണ്ടെത്തുക, ആത്മഹത്യ ചെയ്യാൻ പോകുന്നവരെ തിരയുക, തോറ്റ കുട്ടികളെ കണ്ടെത്തുക തുടങ്ങിയവ ഈ പട്ടികയിൽപെടും. ഇതിനുപുറമെ പൊലീസുമായി ബന്ധപ്പെട്ട പുതിയ പരിപാടികളും ഒന്നിനുപിറകെ ഒന്നായി വരും.
ഭരണക്കാർക്ക് പൊലീസിനെ ഭരിക്കാൻ സൗകര്യമൊരുക്കുന്ന നയങ്ങൾ സൃഷ്ടിച്ചതാണ് പൊലീസിങ് തകരാൻ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. അതിന്റെ ഭാഗമായി സി.ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരാക്കി അധികാരം കുറച്ചു, ഗ്രേഡ് എസ്.ഐമാരെയെല്ലാം എസ്.ഐമാരാക്കി. എസ്.ഐമാരുടെ കീഴിൽ ക്രമസമാധാനപാലനം ഹോംഗാർഡിനെ ഏൽപിച്ചു.
പൊലീസിനെ ‘മാന്യത’ പഠിപ്പിച്ചു. പൊലീസ് സ്റ്റേഷൻ രാഷ്ട്രീയക്കാരുടെയും ഗുണ്ട-മാഫിയകളുടെയും അടുത്ത ബന്ധുഗൃഹങ്ങളായി മാറി. നല്ല പൊലീസുകാർ ക്രമസമാധാന വിഭാഗത്തിൽനിന്ന് മറ്റു വിങ്ങിലേക്ക് കുടിയേറുന്നത് വർധിച്ചു.
കോവിഡ് കാലം മുതലാണ് പൊലീസിന്റെ അധഃപതനം ആരംഭിക്കുന്നത്. തോറ്റ കുട്ടികളെ കണ്ടെത്താൻ ഹോപ് പ്രൊജക്ട്, കുട്ടികളുടെ സൈബർ ക്രൈം തടയാൻ ‘കൂട്ട്’, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ ‘നിർഭയ’, കുട്ടികൾക്ക് അദൃശ്യമായ സംരക്ഷണമൊരുക്കാൻ ‘ക്യാപ്’, ആത്മഹത്യ തടയാൻ ‘ചിരി’, ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ, അപരാജിത ഓൺലൈൻ, പിങ്ക് പൊലീസ് പട്രോള്‍, ജനമൈത്രി, വനിത സ്വയം പ്രതിരോധ പരിശീലന പദ്ധതി, കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ് പ്ലോയിറ്റേഷൻ സെന്റർ, എസ്.പി.സി ഇങ്ങനെ നീളുന്നു പട്ടിക. ഇത്രയും ജോലിയായാൽ ക്രമസമാധാനം നോക്കാൻ ആളില്ലാതാകുന്നു. പൊലീസിങ്ങിനെ ദുർബലമാക്കിയ ആശയങ്ങളാണിവ.
‘മാന്യ’മായി പെരുമാറാൻ നിയമം ശക്തമാക്കിയപ്പോൾ ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധം ഊഷ്മളമായെന്നും അതാണ് വിരുന്നു സൽക്കാരങ്ങൾ വരെ നീളുന്നതെന്നും വിമർശിക്കപ്പെടുന്നു. വനിത ശിശുക്ഷേമ വകുപ്പ് ജീവനക്കാർ പെരുമാറുന്നതുപോലെ പൊലീസ് പെരുമാറിയാൽ ഗുണ്ടകൾ ഇതുപോലെ കേരളം ഭരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പരിഹസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.