കൊച്ചി: തുടർച്ചയായ പ്രതിഷേധവും തിരസ്കരണവും സഭക്ക് വലിയ ദോഷം ചെയ്യുമെന്നും മറ്റുള്ളവരുടെ മുന്നിൽ അപവാദത്തിന് കാരണമാകുമെന്നും മാർപാപ്പയുടെ പ്രതിനിധി ആർച് ബിഷപ് മാർ സിറിൽ വാസിൽ.
സിറോ മലബാർ സഭ ആസ്ഥാനത്ത് എറണാകുളം-അങ്കമാലി അതിരൂപതക്ക് വേണ്ടി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഏകീകൃത കുർബാനക്കെതിരെ രംഗത്തുവന്നവരെ രൂക്ഷമായി വിമർശിച്ചത്. തിങ്കളാഴ്ച വൈകീട്ട് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെത്തിയ സിറിൽ വാസിലിനെ അതിരൂപത സംരക്ഷണ സമിതിയുടെയും അൽമായ മുന്നേറ്റത്തിന്റെയും നേതൃത്വത്തിൽ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഏകീകൃത കുർബാന അർപ്പണം നടപ്പാക്കാനാണ് എത്തിയതെന്ന സിറിൽ വാസിലിന്റെ നിലപാടാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരെ പ്രകോപിപ്പിച്ചത്.
പരിശുദ്ധ സിംഹാസനത്തിൽനിന്ന് ലഭിച്ച കത്തിൽ സിറോ മലബാർ സഭയിലൊന്നടങ്കം ഏകീകൃത കുർബാന അർപ്പണരീതി നടപ്പാക്കണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് സിറിൽ വാസിൽ പറഞ്ഞു.
ഉത്തരവാദപ്പെട്ടവർ അംഗീകരിച്ച ഈ തീരുമാനം ഇനിയും അനന്തമായ ചർച്ചകൾക്ക് വിധേയമാക്കാനാവില്ല. സഭയുടെ നന്മക്കും ഐക്യത്തിനും വേണ്ടി കുർബാന അർപ്പണത്തിന് ഏകീകൃത രീതി ഉടൻ നടപ്പാക്കണമെന്നാണ് മാർപാപ്പ നിർദേശിച്ചിട്ടുള്ളത്. നിയമവിരുദ്ധ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാകില്ല. നിയമാനുസൃത രീതിയിൽ കുർബാന അർപ്പിക്കാൻ വിസമ്മതിച്ച് പാപത്തിൽ പങ്കുചേരരുതെന്നും സിറിൽ വാസിൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.