പ്രസിഡൻറ് സ്ഥാനം ഒഴിയുന്നില്ല; ചിങ്ങോലിയിൽ അധികാരത്തർക്കം

ആറാട്ടുപുഴ: പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി ചിങ്ങോലി ഗ്രാമപഞ്ചായത്തിൽ വീണ്ടും വിവാദം. മുൻധാരണ പ്രകാരമുള്ള അധികാര കൈമാറ്റത്തിന് നിലവിലെ പ്രസിഡന്‍റ് തയാറാകാതെ വന്നതാണ് പുതിയ തർക്കത്തിന് കാരണം.തെരഞ്ഞെടുപ്പ് ജയത്തിനുശേഷം പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ വലിയ വിവാദമായിരുന്നു.

രമേശ് ചെന്നിത്തല വരെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ആദ്യ രണ്ടുവർഷം ജി. സജിനിയും തുടർന്നുള്ള മൂന്നു വർഷം ഇപ്പോഴത്തെ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ പദ്മശ്രീ ശിവദാസനും പ്രസിഡന്‍റ് സ്ഥാനം പങ്കുവെക്കാമെന്ന ധാരണയാണുണ്ടായത്. ഇത് പ്രകാരം ഡിസംബർ 31ന് ജി. സജിനി സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടും സ്ഥാനം ഒഴിയാൻ സജിനിതയാറായില്ല. സ്ഥാനമൊഴിയില്ലെന്ന നിലപാടിലാണ് ഇവർ. ആകെയുള്ള 13 അംഗങ്ങളിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്.

രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം പാർട്ടി നേതൃത്വം ഇടപെട്ട് രണ്ടുതവണ ചർച്ച നടത്തിയെങ്കിലും സജിനി സ്ഥാനമൊഴിയാൻ തയാറായിട്ടില്ല. വൈസ് പ്രസിഡന്‍റ് സുരേഷ്‌കുമാർ (ബിനു), നാലാം വാർഡ് മെംബർ പ്രസന്ന സുരേഷ് എന്നിവരാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റിന് പിന്തുണ നൽകുന്നവർ.

ഇവരെയും ഇവരെ പിന്തുണക്കുന്ന രണ്ട് ബൂത്ത് പ്രസിഡന്‍റുമാരെയും പദവികളിൽനിന്ന് നീക്കിയേക്കും. കഴിഞ്ഞദിവസം പ്രധാന പ്രവർത്തരെയെല്ലാം പങ്കെടുപ്പിച്ച് നടത്തിയ ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗമാണ് ഇക്കാര്യം നേതൃത്വത്തോട് ആവശ്യപ്പെടാൻ തീരുമാനമെടുത്തത്. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.ജി. ശാന്തകുമാർ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - The President does not resign; Power struggle in Chingoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.