ജോജോ ഗോപി

സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ നിർമാതാവ് അറസ്റ്റിൽ

തിരുവല്ല: സിനിമയിൽ പ്രതിനായക വേഷം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് ഒളിവിലായിരുന്ന നിർമാതാവ് അറസ്റ്റിൽ. മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ‘തിറയാട്ടം’ എന്ന സിനിമയിലെ പ്രധാന നടനും നിർമാതാവുമായ ആലപ്പുഴ തുറവൂർ വളമംഗലം നോർത്ത് വടിത്തറ വീട്ടിൽ ജോജോ ഗോപിയാണ് അധ്യാപകനും തിരുവല്ലയിൽ താമസക്കാരനുമായ ടിജോ ഉപ്പുതറയുടെ പരാതിയിൽ അറസ്റ്റിലായത്.

കണ്ണൂരിലും ചേർത്തലയിലുമായി ഷൂട്ട് ചെയ്ത സിനിമയിൽ ചെറിയ വേഷം തേടിയാണ് നടൻ കൂടിയായ ടിജോ ഉപ്പുതറ കണ്ണൂർ പിണറായിയിലെ ലൊക്കേഷനിൽ എത്തിയത്. നായക തുല്യമായ പ്രതിനായക വേഷം നൽകാമെന്ന് ടിജോക്ക് ജോജോ വാഗ്ദാനം നൽകി. ഷൂട്ടിങ് പുരോഗമിക്കവേ, സാമ്പത്തിക ഞെരുക്കത്തിലാണെന്നും സിനിമ റിലീസായ ശേഷം മടക്കി നൽകാമെന്നും പറഞ്ഞ് പലപ്പോഴായി 10 ലക്ഷത്തോളം രൂപ ജോജോ ടിജോയിൽനിന്ന് കൈപ്പറ്റി. തുടർന്ന് ചിത്രീകരണത്തിനായി ഒരു മാസത്തോളം ടിജോ ലൊക്കേഷനിൽ തങ്ങി. എന്നാൽ, സിനിമ റിലീസായപ്പോഴാണ് തീരെ ശ്രദ്ധിക്കപ്പെടാത്ത ഏതാനും ഷോട്ടുകളിൽ മാത്രമായി തന്റെ കഥാപാത്രം ചുരുങ്ങിയതായി ടിജോ മനസ്സിലാക്കിയത്.

സംവിധായകനും താനും ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ പ്രീ റിലീസിങ് വേളയിൽ കണ്ട സിനിമയിൽ ഇങ്ങനെ ആയിരുന്നില്ലെന്നും എന്നാൽ പിന്നീട് തന്റെ കഥാപാത്രത്തെ അപ്രസക്തമായ സീനുകളിൽ ഒതുക്കിയതായും ടിജോ പറയുന്നു. ഇതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് ടിജോ തിരുവല്ല പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തുകയും ചേർത്തലയിലെ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോജോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

Tags:    
News Summary - The producer was arrested on the complaint of extorting Rs 10 lakh by offering him a role in the film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.