തൃശൂർ: സർക്കാറും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ഔദ്യോഗിക പരിപാടിയായ നവകേരള സദസ്സിന്റെ നടത്തിപ്പിന് പണം ചെലവഴിക്കുകയെന്നത് തദ്ദേശസ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് സർക്കാർ അനുമതി നൽകുകയും പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ഒരു ചെറിയ വിഹിതം നൽകുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലയിൽ നവകേരള സദസ്സിന്റെ ആദ്യദിനമായ മുളങ്കുന്നത്തുകാവ് കിലയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യം പണം നൽകാൻ തീരുമാനിച്ച ഒരു നഗരസഭ അതിനെതിരെ കോടതിയിൽ പോകുന്ന സാഹചര്യമുണ്ടായത് പ്രതിപക്ഷ നേതാവിെൻറ പ്രേരണ മൂലമെന്നാണ് മനസ്സിലാക്കുന്നത്. നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പിരിവെന്നാണ് പ്രചാരണം. നിരവധി യു.ഡി.എഫ് എം.എൽ.എമാർ വിവിധ പരിപാടികൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ തുക ഉപയോഗിക്കാൻ അനുമതി തേടി സർക്കാറിനെ സമീപിച്ചിട്ടുണ്ട്. പലതിനും അനുമതി നൽകി.
തദ്ദേശസ്ഥാപനങ്ങൾക്ക് രാജ്യത്ത് ഏറ്റവുമധികം ശതമാനം തുക നൽകുന്നത് കേരളമാണെന്ന് കണക്ക് നിരത്തി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്നില്ലെന്ന് ആരോപിക്കുന്ന യു.ഡി.എഫ്, തദ്ദേശസ്ഥാപനങ്ങൾക്കുള്ള കേന്ദ്ര ധനകമീഷൻ ഫണ്ട് കേരളത്തിന് കൃത്യമായി കിട്ടാത്തതിനെക്കുറിച്ച് മിണ്ടുന്നില്ല. ധനകമീഷൻ ശിപാർശ ചെയ്തത് തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്. നഗര- തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ‘മില്യൺ പ്ലസ് സിറ്റീസ്’ ഇനത്തിൽ 51.55 കോടി രൂപയും ആരോഗ്യ ഗ്രാന്റ് ഇനത്തിൽ 137. 16 കോടിയും എട്ട് മാസം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ല. 2023-24 ൽ ഗ്രാമീണമേഖലയിൽ 1260 കോടിയും നഗരമേഖലയിൽ മില്യൺ പ്ലസ് സിറ്റീസിന് 281 കോടിയും നോൺ മില്യൺ പ്ലസ് സിറ്റീസിന് 368 കോടിയും ചേർന്ന് ആകെ 1909 കോടി രൂപ ലഭിക്കണം. ഇതിൽ ഒന്നാം ഗഡുവായി 814 കോടി രൂപ ഈ വർഷമാദ്യം ലഭിക്കേണ്ടതാണ്. അത് തന്നില്ല.
നിരന്തര സമ്മർദത്തിനൊടുവിൽ ഗ്രാമീണ മേഖലയിലേക്ക് 252 കോടി രൂപ മാത്രമാണ് നവംബർ 20ന് അനുവദിച്ചത്. എൽ.ഡി.എഫ് സർക്കാർ തദ്ദേശസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്നെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷമാണ് 14 ജില്ല കൗൺസിലുകൾ ഒറ്റയടിക്ക് പിരിച്ചുവിട്ട് അധികാരവികേന്ദ്രീകരണത്തിന്റെ കഴുത്തിൽ കത്തിവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.