കോഴിക്കോട്: സമസ്തയെ വിമർശിച്ചും കഴിഞ്ഞ ദിവസം സമസ്ത പുറത്താക്കിയ ഹക്കീം ഫൈസിയെ പ്രശംസിച്ചും ലീഗ് മുൻ എം.എൽ.എ കെ.എം ഷാജി. അബ്ദുൽ ഹക്കീം ഫൈസി വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയത് വലിയ മാറ്റമാണ്. ആരെങ്കിലും മായ്ച്ചു കളഞ്ഞാൽ മാഞ്ഞു പോകുന്നതല്ല ഹക്കീം ഫൈസി ഉണ്ടാക്കിയ വിപ്ലവമെന്നും ഷാജി പറഞ്ഞു. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നടന്ന സി.എച്ച് സൗധം ഉദ്ഘാടന വേദിയിലായിരുന്നു ഷാജിയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ യോഗമാണ് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിലടക്കം പ്രവർത്തിക്കുന്ന ഫൈസിയെ സംഘടനയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയത്. സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത്തരം നടപടികൾ ഹക്കീം ഫൈസിയുടെ ഭാഗത്ത് നിന്നുണ്ടായതായി രേഖാമൂലം പരാതി ലഭിച്ചിരുന്നുവെന്നും അന്വേഷണ സമിതി അക്കാര്യം കണ്ടെത്തിയെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് നടപടിയെന്നും പറഞ്ഞു.
ഇന്ന് കോഴിക്കോട് സമസ്ത ഓഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് ഹക്കീം ഫൈസി രംഗത്തെത്തി. 'ഞാൻ സുന്നിയാണ്. സമസ്തയാണ്. ഇ.കെ സമസ്തയാണ്. അത് സൈദ്ധാന്തികമായി ഉൾക്കൊണ്ടയാളാണ് ഞാൻ. എനിക്ക് ഉപേക്ഷിക്കാനാകില്ല' -മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 25 കൊല്ലമായി സമസ്തയുടെ പാതയിലാണെന്നും ഏതെങ്കിലും കക്ഷിയിൽ ചേരാൻ വേണ്ടി ചേർന്നതല്ലെന്നും ലോകത്തെ ഭൂരിപക്ഷം മുസ്‌ലിംകളും സുന്നീ ആശയക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
നടപടി നേരിട്ടാലും അതേവഴിയിലായിരിക്കുമെന്നും വ്യക്തമാക്കി. സമസ്തയുടെ നടപടി വേദനിപ്പിക്കുന്നതാണെന്നും എന്തുകൊണ്ടാണ് ഈ നടപടിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.സിയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ടതാണെന്നും അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി വ്യക്തമാക്കി. നടപടി സ്വീകരിച്ച ശൈലി ശരിയല്ലെന്നും പട്ടാള കോടതിയിൽ പോലും നടപടി നേരിടുന്നവനെ കേൾക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.