ഹിജാബ് വിഷയത്തില്‍ വര്‍ഗീയവിഭജനം നടത്തി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ആർ.എസ്.എസ്: എം.എ. ബേബി

തിരുവനന്തപുരം: ഹിജാബ് ധരിക്കുന്നതിൻറെ പേരിൽ മുസ്ലിം പെൺകുട്ടികളെ വിദ്യാലയങ്ങളിൽ നിന്ന് മാറ്റി നിറുത്താൻ കർണാടകത്തിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ സമൂഹത്തിൽ വർഗീയവിഭജനം ഉണ്ടാക്കാനായി മനപൂർവം ആസൂത്രണം ചെയ്തിട്ടുള്ളതാണെന്ന് എം.എ ബേബി.

ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുകയാണ് ആർ.എസ്.എസ് എന്നും ഫേസ്ബുക് കുറിപ്പിൽ എം.എ ബേബി പറഞ്ഞു. ഭരണഘടനയുടെ ഇതേ തത്വം അനുസരിച്ചാണ് സിഖ് മതവിശ്വാസികൾ തലപ്പാവും കൃപാണും ഒക്കെ ധരിക്കുന്നത്. ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ആണോ എന്ന ചർച്ചയും ഇപ്പോൾ അർഥശൂന്യമാണെന്നും എം.എ ബേബി പറഞ്ഞു.

കുറിപ്പിന്‍റെ പൂർണരൂപം:

ഹിജാബ് ധരിക്കുന്നതിൻറെ പേരിൽ മുസ്ലിം പെൺകുട്ടികളെ വിദ്യാലയങ്ങളിൽ നിന്ന് മാറ്റി നിറുത്താൻ കർണാടകത്തിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ സമൂഹത്തിൽ വർഗീയവിഭജനം ഉണ്ടാക്കാനായി മനഃപൂർവം ആസൂത്രണം ചെയ്തിട്ടുള്ളതാണ്. അവരവരുടെ മതതത്വങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നമുക്ക് നല്കുന്നു.

ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുകയാണ് ആർ എസ് എസ്. ഭരണഘടനയുടെ ഇതേ തത്വം അനുസരിച്ചാണ് സിഖ് മതവിശ്വാസികൾ തലപ്പാവും കൃപാണും ഒക്കെ ധരിക്കുന്നത്.

വിവിധ കോടതിവിധികളും നിയമനിർമാണങ്ങളും ഈ അവകാശത്തെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.

ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്. അതിൽ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ല. ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ആണോ എന്ന ചർച്ചയും ഇപ്പോൾ അർത്ഥശൂന്യമാണ്. പ്രത്യേകിച്ചും അതും ഉയർത്തിപ്പിടിച്ച് ആർ എസ് എസ് മുസ്ലിങ്ങളെ ആക്രമിക്കാൻ വരുമ്പോൾ.

അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകും എന്ന് തോന്നിയ ആർ എസ് എസ് ജനങ്ങളിൽ വർഗീയവിഭജനം നടത്തി പിടച്ചു നില്ക്കാനാവുമോ എന്നാണ് പരിശ്രമിക്കുന്നത്.

ഈ നികൃഷ്ടശ്രമത്തെ എല്ലാ ജനാധിപത്യ വാദികളും ഒത്തുചേർന്ന് പരാജയപ്പെടുത്തണം. കർണാടകയിൽ പരിമിതമായ ശക്തി മാത്രമുള്ള സിപിഐ എമ്മും എസ് എഫ് ഐ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ ജനാധിപത്യസംഘടനകളും ആർ എസ് എസിന്റെ ദുഷ്ടലാക്കിനെതിരെ സാദ്ധ്യമായവിധത്തിൽ ജനങ്ങളെ ബോധവല്ക്കരിക്കാനായി പ്രവർത്തിക്കുകയാണ്.

വർഗ്ഗീയസംഘട്ടനങ്ങളിലൂടെ ചോരക്കളിനടത്തിയായാലും ഭരണനേതൃത്വം കൈയ്യടക്കണമെന്ന ആർ എസ്സ് എസ്സിന്റെ രാക്ഷസീയരാഷ്ട്രീയം ,മാനവികമൂല്യങ്ങൾകൈമോശംവന്നിട്ടില്ലാത്തവർ കൈകോർത്തുനിന്ന് പൊരുതിതോല്പിക്കേണ്ടതുണ്ട്.

Tags:    
News Summary - The RSS is trying to hold on to communal divisions on the issue of hijab. says MA Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.