കൊച്ചി: കോവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേയില്ല. കേരള സ്റ്റേറ്റ് മെഡിക്കൽ സർവിസ് കോർപറേഷൻ മുഖേന മാർക്കറ്റ് സർവേയും പഠനവും നടത്തിയാണ് നിരക്ക് കുറച്ചതെന്ന് വിലയിരുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് നിരക്ക് കുറച്ചതിനെതിരെ ഹരജി നൽകിയവരുടെ സ്റ്റേ ആവശ്യം നിരാകരിക്കുകയായിരുന്നു.
ഇടക്കാല ഉത്തരവിെൻറ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി സർക്കാർ ഏപ്രിൽ 30ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ ദേവി സ്കാൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ 10 സ്വകാര്യ ലാബുടമകൾ നൽകിയ ഹരജിയാണ് കോടതിയുെട പരിഗണനയിലുള്ളത്. ഹരജി പിന്നീട് വീണ്ടും പരിഗണിക്കും.
തങ്ങളുടെ വാദം കേൾക്കാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സർക്കാർ നിരക്ക് കുറച്ചത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. നിരക്ക് കുറച്ച ഉത്തരവ് പാലിക്കാത്ത ലാബുകൾക്കെതിരെ ക്രിമിനൽ നടപടിയെടുക്കുമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഇത് പിന്നീട് പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. 65 അംഗീകൃത ലാബുകളിൽ 10 ലാബുടമകൾ മാത്രമാണ് ഉത്തരവിനെ എതിർക്കുന്നതെന്നും ഡി.ഡി.ആർ.സി ഉൾപ്പെടെയുള്ള ലാബുകൾ സർക്കാർ നിരക്ക് അംഗീകരിച്ചിട്ടുണ്ടെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ടെസ്റ്റിന് 500 രൂപയാണെന്നും ഒഡിഷയിൽ 400 രൂപയാണെന്നും വിശദീകരിച്ചു. ടെസ്റ്റ് നടത്താൻ 135 രൂപ മുതൽ 240 രൂപ വരെയാണ് ചെലവ്. 448.20 രൂപ നിരക്കിൽ മൂന്ന് എയർപോർട്ടുകളിൽ ടെസ്റ്റ് നടത്താൻ സ്വകാര്യലാബുകൾ കരാറെടുത്തതും സർക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.