തിരുവനന്തപുരം: 80:20 വിഷയവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടേണ്ടതാണെന്ന് എം.എസ്.എഫിന്‍റെ ഗവേഷക വിദ്യാർഥി കൂട്ടായ്മയായ ഇഖ്‌റ ആവശ്യപ്പെട്ടു. യു.പി.എ സർക്കാറിന്‍റെ കാലത്ത് നടത്തിയ സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളിലും മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളാണ് ഇപ്പോൾ കേരളത്തിൽ നിലച്ചിരിക്കുന്നത്.
2011ൽ എൽ.ഡി.എഫ് സർക്കാർ പാലോളി കമ്മീഷൻ ഇടപെടലിലൂടെ നടത്തിയ രാഷ്ട്രീയപ്രേരിതമായ വഞ്ചനയുടെ ഫലമെന്നോണം മുസ്ലിം സമൂഹത്തിനു ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾക്ക് പോലും കോടതിയിൽ പോകേണ്ട അവസ്ഥ സർക്കാർ വരുത്താതിരിക്കണം. പത്ത് വർഷം മുമ്പ് തങ്ങൾക്ക് ലഭിക്കേണ്ടതിൽ നിന്നും 20 ശതമാനം അവശ-പിന്നാക്കക്കാരായ സഹോദര സമുദായങ്ങളിലുള്ളവർക്ക് നൽകിയപ്പോൾ പോലും സന്തോഷത്തോടെ അത് അംഗീകരിച്ചവരാണ് മുസ്ലിംകൾ എന്നത് മറക്കരുത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുന്നത് മുസ്ലിം സമുദായത്തെ വീണ്ടും വഞ്ചിക്കുന്നതിനു തുല്യമാണ്. സമിതിയുടെ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുള്ള കാലതാമസം ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത കെ.ടി. ജലീലിന്‍റെയും ഇടതുപക്ഷ സർക്കാറിന്‍റെയും കുറ്റകരമായ മൗനത്തിന്റെയും വസ്തുതകൾ യഥാവിധി നീതിന്യായ വ്യവസ്ഥയെ ബോധിപ്പിക്കാത്തതിന്‍റെ അടിസ്ഥാനത്തിലുമാണ് ഈ വിധിയുണ്ടായിരിക്കുന്നത്. 100 ശതമാനം മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട ഈ കാര്യത്തിൽ, ഇനി ഹൈുകാടതി നിലപാട് അടിസ്ഥാനമാക്കിയാൽ അത് ഒട്ടനവധി നിയമ പ്രശ്നങ്ങൾ വരുംകാലങ്ങളിൽ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.
അതിനാൽ ഈ വിഷയത്തിൽ സർക്കാർ അപ്പീൽ പോകണം. എത്രയും പെട്ടെന്ന് പുതിയൊരു വകുപ്പ് തന്നെ രൂപീകരിച്ച് സച്ചാർ കമ്മീഷൻ റിപ്പോർട്ട് യഥാർഥത്തിൽ നടപ്പിലാക്കുകയും പൊതുജനങ്ങൾക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ധവളപത്രം ഇറക്കുകയും വേണമെന്നും ഇഖ്‌റ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.