കൊച്ചി: ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുേമ്പാഴാണ് പലരും നിയമസഹായം തേടുന്നത്. എന്നാൽ, അറസ്റ്റ് ചെയ്യുംമുമ്പ് നിയമസഹായത്തിന് അവകാശമുണ്ടെന്ന് അറിയുന്നവർ ചുരുങ്ങും. ദേശീയ നിയമസേവന അതോറിറ്റിയുടെ (നാൽസ) നിർദേശത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും അഭിഭാഷകെൻറ സൗജന്യസേവനം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുകയാണ് സംസ്ഥാന നിയമസേവന അതോറിറ്റി (കെൽസ). ഇതിനകം 130 പേർ സേവനം പ്രയോജനപ്പെടുത്തി.
ഓരോ പൗരനും തുടക്കത്തിൽതന്നെ നിയമസഹായം എന്ന ലക്ഷ്യത്തോടെയാണ് നാൽസ പ്രോട്ടോകോൾ തയാറാക്കിയത്. സംശയം തോന്നുന്ന ഒരാളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്താൽ അറസ്റ്റ് ചെയ്യുംമുമ്പ് തനിക്ക് ലഭിക്കേണ്ട അവകാശങ്ങൾ സംബന്ധിച്ച കെൽസയുടെ ലഘുലേഖ പൊലീസ് ഓഫിസർ നിർബന്ധമായും ഈ വ്യക്തിക്ക് കൈമാറണം. അഭിഭാഷകെൻറ സേവനം സൗജന്യമായി ലഭിക്കാനുള്ള അവകാശമാണ് ഒന്നാമത്തേത്. അയാൾ ആവശ്യപ്പെടുന്നപക്ഷം കെൽസ നിയോഗിച്ച അഭിഭാഷകൻ സ്റ്റേഷനിലെത്തി നിയമോപദേശം നൽകും. ഈ അഭിഭാഷകെൻറ സാന്നിധ്യത്തിലാകണം ചോദ്യം ചെയ്യൽ. അറസ്റ്റിലായാൽ, അറസ്റ്റിലായ ആളുടെ അവകാശങ്ങൾ സംബന്ധിച്ച രണ്ടാമത്തെ ലഘുലേഖ നൽകണം. അപ്പോഴും നിയമസഹായം ആവശ്യപ്പെട്ടാൽ പൊലീസ് ഓഫിസർ അക്കാര്യം കെൽസയെ അറിയിക്കണം. അഭിഭാഷകൻ സ്റ്റേഷനിൽ എത്തും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാൽ കെൽസയുടെ അഭിഭാഷകൻ കോടതിയിൽ ജാമ്യാപേക്ഷ നൽകും. സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയുടെ പേരിൽ നിയമസഹായം നിഷേധിക്കപ്പെടാതിരിക്കാനാണ് പദ്ധതി എന്ന് കെൽസ മെംബർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു.
കുട്ടികൾ, വൈകല്യമുള്ള ആദിവാസികൾ, മനുഷ്യക്കടത്ത് ഇരകൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, മുതിർന്ന പൗരന്മാർ, ദുരിതബാധിതർ, അസംഘടിത തൊഴിലാളികൾ, കുറ്റവാളികളുടെ കുടുംബം എന്നിവർക്ക് നിയമസഹായം, കുറ്റകൃത്യങ്ങളെ അതിജീവിച്ചവർക്കും കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം ലഭ്യമാക്കൽ, സ്ഥിരം ലോക് അദാലത് എന്നിവയും കെൽസ നടപ്പാക്കിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.