വർക്കല: പാപനാശം ഹെലിപാഡിൽ യുവാക്കളെ ആക്രമിച്ച ആറംഗ അക്രമി സംഘത്തെ പിടികൂടി. വർക്കല ചിലക്കൂർ അൻസിയ മൻസിലിൽ റക്കീബ് (23), ചെറുന്നിയൂർ ശാസ്താംനടക്ക് സമീപം പണയിൽ വീട്ടിൽ അൽ അമീൻ (19), വർക്കല മൈതാനം കുന്നുവിള വീട്ടിൽ സജാർ (22), വർക്കല രാമന്തളി ദേശത്ത് അജീന മൻസിലിൽ ആഷിഖ് (21), വർക്കല വില്ലേജിൽ ചാലുവിള കീഴ് വശം പുതുവൽ പുത്തൻവീട്ടിൽ യാസർ (22), പുന്നമൂട് കുന്നുവിള കേശവത്തിൽ അയ്യപ്പൻ എന്ന് വിളിക്കുന്ന ആര്യൻ (20) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഹെലിപ്പാട് പ്രദേശത്തെ ഇടിഞ്ഞു പൊളിഞ്ഞു കടയരികിൽ നിന്ന സംഘത്തോട് അപകട മുന്നറിയിപ്പ് നൽകിയതാണ് ആക്രമണത്തിന് കാരണമായത്. പ്രകോപിതരായ സംഘം വർക്കല സ്വദേശിയായ ഹണി എന്ന യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. അക്രമി സംഘം കാറ്റാടിക്കഴകൾ കൊണ്ട് തലയ്ക്ക് അടിക്കുകയും ഹണിയുടെ തലയ്ക്ക് മുറിവേൽക്കുകയും കൈക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു. പിടിച്ചുമാറ്റാൻ എത്തിയ മനു എന്ന ചെറുപ്പക്കാരനെയും സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇയാളുടെ കൈക്കും പൊട്ടൽ സംഭവിച്ചിട്ടുണ്ട്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ സംഘത്തെ കാട്ടാക്കടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികളിൽ സജാർ, ആഷിഖ് എന്നിവർക്ക് എതിരെ സമാനമായ മറ്റ് കേസുകളും നിലവിൽ ഉണ്ടെന്ന് വർക്കല പൊലീസ് അറിയിച്ചു. സജാർ,അൽ അമീൻ എന്നിവർക്കെതിരെ പോക്സോ കേസുകളും നിലവിലുണ്ട്. സജാർ സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ആളുമാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.