* പരാതികൾക്ക് മണിക്കൂറുകൾക്കകം പരിഹാരം
* വിനോദ നികുതി നിരക്ക് 10 ശതമാനമാകും
* 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകൾ വസ്തുനികുതി പരിധിയിൽ
* ഏപ്രിൽ ഒന്ന് മുതൽ നിർമ്മിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണമുള്ള വീടുകൾക്ക് 15 ശതമാനം തുക അധിക നികുതി
* പരസ്യബോർഡുകൾ ലൈസൻസ് ഫീസിന്റെ പരിധിയിലാവും
കോഴിക്കോട് : ആറാം ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോർട്ടിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ശിപാർശകൾ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു. എല്ലാ പ്രാദേശിക സർക്കാരുകളും നികുതി നികുതിയേതര വരുമാനം പൂർണമായി കണ്ടെത്തി പിരിച്ചെടുക്കുന്നതിന് ജി.ഐ.എസ് സംവിധാനം ഉപയോഗപ്പെടുത്തി അടിസ്ഥാന രേഖ തയ്യാറാക്കണം. നികുതി കാര്യത്തിൽ സുതാര്യത ഉറപ്പാക്കും. നികുതി വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിനായി പ്രാദേശിക സർക്കാർ വെബ്സൈറ്റിൽ ലഭ്യമാക്കും. പ്രാദേശിക സർക്കാരുകൾ എല്ലാ തുകയും ഇലക്ട്രോണിക്കായി അടക്കുന്നതിനുള്ള ഇ-പെയ്മെന്റ് സൗകര്യം ഏർപ്പെടുത്തും.
ഈ സാമ്പത്തിക വർഷം മുതൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഷിക ബജറ്റിനൊപ്പം റോളിംഗ് റവന്യൂ വർധിപ്പിക്കൽ കർമ്മ പദ്ധതി തയ്യാറാക്കണം. സോഫ്റ്റ് വെയറുകളുമായും മറ്റും സംബന്ധിച്ച നികുതിദായകരുടെ പരാതികൾ പരിഹരിക്കുന്നതിന് ഐ.കെ.എം ആസ്ഥാനത്ത് പ്രത്യേക ടീം സജ്ജീകരിക്കും. എല്ലാ പരാതികൾക്കും മണിക്കൂറുകൾക്കകം പരിഹാരം കാണുന്നതിന് ഇത് സഹായകരമാകും.
വസ്തുനികുതി പരിഷ്കരണ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട ഡാറ്റാബേസ് കാലാനുസൃതമാക്കുകയും വേണം. വിവരങ്ങൾ പ്രാദേശിക സർക്കാരുകളുടെ വെബ്സൈറ്റിൽ ലഭ്യമാക്കും. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാർഡ്- ഡിവിഷൻ അടിസ്ഥാനത്തിൽ നൽകും. ഗ്രാമ നഗര പ്രദേശങ്ങളിലെ വസ്തുനികുതി പരിഷ്കരണ നടപടികൾ 2023 മാർച്ച് 31നകം പൂർത്തീകരിക്കും. അടുത്ത സാമ്പത്തിക വർഷം മുതൽ വസ്തുനികുതി പരിഷ്കരണം വർഷത്തിലൊരിക്കൽ നടത്തും. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വർധനവിന് പരിധി ഏർപ്പെടുത്താനുള്ള നിലവിലുള്ള തീരുമാനം പിൻവലിക്കും.
50 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളെ വസ്തുനികുതി പരിധിയിൽ കൊണ്ടുവരും. 50 നും 60 നും ഇടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്റെ പകുതി നിരക്കിൽ വസ്തു നികുതി ഈടാക്കും. 2022 ഏപ്രിൽ ഒന്ന് മുതൽ നിർമ്മിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള വീടുകൾക്ക് തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ തന്നെ അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കും.
മൊബൈൽ ടവറുകളുടെ നികുതിനിരക്ക് പരിഷ്കരിക്കും. പ്രാദേശിക സർക്കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാൽ പിരിച്ചെടുക്കാൻ കഴിയാത്ത വസ്തുനികുതി കുടിശ്ശിക എഴുതി തള്ളുന്നതിനുള്ള പരിധി ഉയർത്തും. മുനിസിപ്പാലിറ്റി ആക്ട് 241 വകുപ്പ് പുനസ്ഥാപിക്കും. ഇത് പ്രകാരം ഒരു കെട്ടിടം പൊളിച്ചു മാറ്റുന്ന വിവരം പ്രാദേശിക സർക്കാരിനെ കെട്ടിട ഉടമസ്ഥൻ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന തീയതി വരെയുള്ള നികുതി അടക്കാൻ ഉടമ ബാധ്യസ്ഥനാണ്.
വിനോദത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് വിനോദനികുതി ആക്ട് ഭേദഗതി ചെയ്യും. വിനോദ നികുതി നിരക്ക് 10 ശതമാനമാകും. തിയറ്ററുകളുടെ ടിക്കറ്റ് വിതരണത്തിനും വിനോദ നികുതി കണക്കാക്കുന്നതിനും പ്രാദേശിക സർക്കാരുകൾ സോഫ്റ്റ്‌വെയർ സംവിധാനം തയ്യാറാക്കും. സ്വന്തമായി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന തിയേറ്ററുകൾ പ്രാദേശിക സർക്കാറിന് ഡാറ്റ കൈമാറാൻ ബ്രിഡ്ജ് സോഫ്റ്റ്‌വെയർ തയ്യാറാക്കണം.
റോഡുകളുടെ വശങ്ങളിൽ വാണിജ്യാവശ്യത്തിന് സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ ലൈസൻസ് ഫീസിന്റെ പരിധിയിൽ കൊണ്ടുവരും. പ്രാദേശിക സർക്കാരുകളുടെ ഉടമസ്ഥതയിലുള്ളകെട്ടിടങ്ങളുടെവാടകയിനത്തിൽ ചില വിഭാഗങ്ങൾക്ക്കിഴിവ് അനുവദിക്കുന്നതിനുള്ള അധികാരം പ്രാദേശിക സർക്കാരുകൾക്കായിരിക്കും. പരമാവധി 10 ശതമാനമായിരിക്കും. ഇത് പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ലഭിക്കും. പ്രാദേശിക സർക്കാരുകൾ വാണിജ്യ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് പ്രാവർത്തികമാക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയിൽ ചർച്ച നടത്തും.
കേരള ലോക്കൽ ഗവൺമെന്റ് ഡെവലപ്മെന്റ് ഫണ്ട് രൂപീകരിച്ച് കൊണ്ട് ലോക്കൽ അതോറിറ്റിസ് ലോൺസ് ആക്ട് പ്രാവർത്തികമാക്കും. പൊതു കാര്യങ്ങൾക്കായി ഭൂമി സ്വമേധയാ സംഭാവന ചെയ്യുന്നത് ശക്തിപ്പെടുത്തുന്നതിനായി ലാൻഡ് റീ റിലിംഗിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യും. വിദ്യാലയങ്ങൾ,ആശുപത്രികൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുന്നതിനും അശരണരെ സഹായിക്കുന്നതിനും ഡൊണേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രാദേശിക സർക്കാരുകളുടെ ദുരിതാശ്വാസ നിധിയുടെ കോർപ്പസ് ഓരോ വർഷവും വർധിപ്പിക്കും.
സ്വമേധയാ നൽകുന്ന സംഭാവനകൾ സമാഹരിക്കുന്നത് സംബന്ധിച്ച സ്ട്രാറ്റജി കൈകൊള്ളും. ഇത്തരം സംഭാവനകൾ പരസ്യമാക്കുന്നതിന് ഗാന്ധിജയന്തി ദിനം മുതൽ കേരളപിറവിദിനം വരെ പ്രചരണം സംഘടിപ്പിക്കും. സംഭാവനകളുടെ എല്ലാ വിശദാംശങ്ങളും ഗ്രാമ-വാർഡ് സഭകളിൽ രേഖപ്പെടുത്തും.
പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രോജക്ടുകളെ സഹായിക്കുന്നതിനായി സാങ്കേതിക സഹായ ഏജൻസികളെ കണ്ടെത്തും. ഇത്തരം പ്രൊജക്റ്റ് ഏറ്റെടുക്കുവാനും പ്രാദേശിക സർക്കാരുകൾക്ക് പരിശീലനം നൽകുവാനും കിലയുടെ നേതൃത്വത്തിൽ കപ്പാസിറ്റി ബിൽഡിംഗ് പരിപാടി രൂപകൽപ്പന ചെയ്യും. ജില്ലാ ആസൂത്രണ സമിതി നേതൃത്വത്തിൽ പി.പി.പി സെല്ലുകൾ രൂപീകരിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.