ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് സുഗമ ദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബോർഡ് ഒരുക്കിയ പ്രത്യേക ഗേറ്റ് സംവിധാനം വിജയം. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പൊലീസ് സഹായത്തോടെ പതിനെട്ടാംപടി കയറി മുകളിലെത്തി ഫ്ലൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ശ്രീകോവിലിന് മുന്നിലേക്ക് നേരിട്ടെത്താം.
ദർശനത്തിനായുള്ള ആദ്യ നിരയിലാണ് ഇവർക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവർക്കൊപ്പം ഒരു രക്ഷാകർത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്.
ഞായറാഴ്ച രാവിലെ മുതൽതന്നെ പുതിയ സംവിധാനം ഭക്തജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കൾ, പ്രത്യേകിച്ച് അന്തർസംസ്ഥാനക്കാർ വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് പ്രയോജനപ്പെടുത്തുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പമ്പയിൽനിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഏറെനേരം ക്യൂ നിൽക്കേണ്ട സാഹചര്യമാണ് ഒഴിവാക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന സർക്കാർ നിർദേശം ദേവസ്വം ബോർഡ് കർശനമായി നടപ്പാക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.