തിരുവനന്തപുരം: മുഖ്യമന്ത്രി പദം ഉന്നമിട്ട് സാമുദായിക നേതാക്കളെ കൂട്ടുപിടിച്ചുള്ള ശശി തരൂരിന്റെ നീക്കത്തോട് സംസ്ഥാന കോണ്‍ഗ്രസില്‍ അസ്വസ്ഥത മുറുകുന്നു. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും സന്നദ്ധനാണെന്ന തരത്തില്‍ തരൂര്‍ നടത്തിയ പ്രസ്താവനയാണ് നേതൃത്വത്തിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുള്ളത്.
സ്ഥാനാർഥിത്വം അവരവര്‍ തീരുമാനിക്കേണ്ട കാര്യമല്ലെന്നും പാര്‍ട്ടിയാണു തീരുമാനിക്കേണ്ടതെന്നുമുള്ള വി.ഡി. സതീശന്റെ പ്രതികരണത്തിൽ തരൂരിനോടുള്ള അതൃപ്തി വ്യക്തമാണ്. പാര്‍ട്ടിയെ അവഗണിച്ചും സാമുദായിക നേതാക്കളെ കൂട്ടുപിടിച്ചും തരൂർ നടത്തുന്ന നീക്കം ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കാനിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
മലബാർ പര്യടനത്തോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള നീക്കം തരൂർ ആരംഭിച്ചത്. വിവിധ മുസ്ലിം സമുദായ നേതാക്കളുമായും മുസ്ലിം ലീഗ് നേതൃത്വവുമായും ആശയവിനിമയം നടത്തിയ അദ്ദേഹം അവരുമായി ഊഷ്മള ബന്ധമുണ്ടാക്കിയെടുത്തു. തരൂരിന്റെ പരിപാടികൾക്കെതിരെ ചില ഡി.സി.സികൾ രംഗത്തുവന്നത് വിവാദമായെങ്കിലും കെ.പി.സി.സി ഇടപെട്ട് പരിഹരിച്ചു.
കത്തോലിക്കാ സഭയുടെ ചില ബിഷപ്പുമാരുമായും അദ്ദേഹം പിന്നീട് കൂടിക്കാഴ്ച നടത്തി. എന്നാൽ, കഴിഞ്ഞ ദിവസം എൻ.എസ്.എസ് വേദിയിൽ നടത്തിയ നായർ പരാമർശത്തിനു പിന്നാലെ തരൂരിനെ പിന്തുണച്ച് എന്‍.എസ്.എസ് ജനറൽ സെക്രട്ടറി രംഗത്തുവന്നത് അദ്ദേഹത്തിനു ലഭിച്ചുവന്ന സ്വീകാര്യതക്ക് തിരിച്ചടിയായി. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ ക്രൈസ്തവ നേതൃത്വവുമായി കുടുതൽ അടുക്കുന്നതിനുള്ള ശ്രമം തരൂർ നടത്തുകയും ഓര്‍ത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തരൂരിനെ പിന്തുണക്കുന്ന നിലപാടാണ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ പരസ്യമായി സ്വീകരിച്ചത്. പാർട്ടിയിലെ എ വിഭാഗത്തിന് തരൂരിനോട് കൂടുതൽ താൽപര്യമുണ്ട്. ഗ്രൂപ്പിന് അതീതമായി യുവനേതാക്കളുടെ പിന്തുണയും ലഭിക്കുന്നു. എന്നാൽ, ഐ ഗ്രൂപ് പൂർണമായും തരൂർ അനുകൂലികളല്ല. പരസ്പരം വിയോജിപ്പുണ്ടെങ്കിലും തരൂരിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടാണ്. കെ. മുരളീധരൻ പരസ്യമായി തരൂരിനെ പിന്തുണക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.