ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹരജിയുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾ ഒപ്പിട്ടു നൽകാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയി​ൽ. മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന്റെ നിയമോപദേശ പ്രകാരമാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വേണു, പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്‌ണൻ എന്നിവർ ഒന്നും രണ്ടും പരാതിക്കാരായി സംസ്ഥാന സർക്കാറിനായി ഹരജി ഫയൽ ചെയ്തത്.

ഭരണഘടനയുടെ അടിസ്ഥാനങ്ങളെയും അടിത്തറകളെയും പരാജയപ്പെടുത്തുമെന്ന ഭീഷണിയാണ് ഗവർണറുടെ പെരുമാറ്റം എന്ന് സംസ്ഥാന സർക്കാർ ഹരജിയിൽ കുറ്റപ്പെടുത്തി. ജനക്ഷേമ നടപടികൾക്കായുള്ള ജനങ്ങളുടെ അവകാശം, ജനാധിപത്യരീതിയിലുള്ള സദ്ഭരണം, നിയമവാഴ്ച എന്നിവയെയും പരാജയപ്പെടുത്തുന്ന തരത്തിലുള്ള ഭീഷണിയാണിതെന്നും ഹരജി ആരോപിച്ചു.

പ്രതിപക്ഷം ഭരിക്കുന്ന തമിഴ്നാട്, പഞ്ചാബ് സർക്കാറുകളുടെ സമാന ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് കേരളവും സുപ്രീംകോടതിയിലെത്തുന്നത്. പഞ്ചാബ് സർക്കാർ സുപ്രീംകോടതിയിൽ വന്നതിന് പിന്നാലെ രണ്ട് ബില്ലുകൾ ഗവർണർ തിരക്കിട്ട് ഒപ്പിട്ടു നൽകിയിരുന്നു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന തെലങ്കാന, പശ്ചിമ ബംഗാൾ, ഡൽഹി സർക്കാറുകളും ഗവർണറുമായുള്ള തർക്കങ്ങളും സുപ്രീംകോടതിയുടെ മുമ്പിലുണ്ട്.

കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾ ഭരണഘടനയുടെ 200ാം അനു​ഛേദ പ്രകാരം ഗവർണർ നൽകാനുള്ള അംഗീകാരം കാത്തുകിടക്കുകയാണെന്ന് സംസ്ഥാന സർക്കാർ ഹരജിയിൽ ബോധിപ്പിച്ചു. ഇതിൽ മൂന്ന് ബില്ലുകൾ അനുമതിക്കായി സമർപ്പിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. മൂന്ന് ബില്ലുകൾ ഒരു വർഷത്തിലേറെയായി. ഗവർണർ ഒപ്പുവെച്ചാൽ മാത്രമേ ബിൽ നിയമമാകൂ.

എതിർപ്പുണ്ടെങ്കിൽ ഗവർണർ ബിൽ സംസ്ഥാന സർക്കാറിലേക്ക് തിരിച്ചയക്കണം. അല്ലെങ്കിൽ കേന്ദ്രത്തിന് കൈമാറണം. ഇതിൽ കാലതാമസം വരുത്തരുതെന്ന് വ്യക്തമാക്കുന്ന ഇന്ത്യൻ ഭരണഘടന സമയക്രമം നിശ്ചയിച്ചിട്ടില്ല. സമയക്രമം നിർണയിക്കാത്തതാണ് ഗവർണർ തീരുമാനം വൈകിപ്പിക്കുന്നതിനുള്ള ന്യായമായി പറയുന്നതെന്നും അതുകൊണ്ടാണ് ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കേരളം ബോധിപ്പിച്ചു.

ബില്ലുകളിലധികവും സർവകലാശാല ഭരണവുമായി ബന്ധപ്പെട്ടതാണ്. ലോകായുക്തയുടെ അധികാരപരിധി വെട്ടിച്ചുരുക്കുന്ന ബില്ലും കേരളത്തിലെ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ബില്ലും ഒപ്പിടാത്തതായുണ്ട്. 1986ലെ കൊച്ചി ശാസ്ത്ര സാ​ങ്കേതിക സർവകലാശാല നിയമം, 2013ലെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല നിയമം, 2015ലെ എ.പി.ജെ അബ്ദുൽ കലാം സാ​ങ്കേതിക സർവകലാശാല നിയമം എന്നിവ ഭേദഗതി ചെയ്ത് സർവകലാശാല കൂടിയാലോചന സമിതികളുണ്ടാക്കാൻ വ്യവസ്ഥചെയ്യുന്നതാണ് ആദ്യ ബിൽ.

1974ലെ കേരള സർവകലാശാല നിയമം, 1975ലെ കോഴിക്കോട് സർവകലാശാല നിയമം, 1985ലെ മഹാത്മ ഗാന്ധി സർവകലാശാല നിയമം, 1996ലെ കണ്ണൂർ സർവകലാശാല നിയമം എന്നിവ ഭേദഗതി ചെയ്ത് സർവകലാശാല കൂടിയാലോചന സമിതികളുണ്ടാക്കാൻ വ്യവസ്ഥചെയ്യുന്നതാണ് രണ്ടാമത്തെ ബിൽ. വിവിധ സർവകലാശാലകളിൽ വി.സി നിയമനത്തിന് സേർച്ച് കം സെലക്ഷൻ കമ്മിറ്റി ഉണ്ടാക്കാനുള്ളതാണ് 2022ൽ പാസാക്കിയ സർവകലാശാല നിയമഭേദഗതി ബിൽ.

Tags:    
News Summary - The state government filed a petition against Governor Arif Muhammad Khan in the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.