'സംസ്ഥാനം ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു'; മറുപടിയുമായി ധനമന്ത്രി

തിരുവനന്തപുരം: കേരളം ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നികുതി കൂട്ടുന്നത് കേന്ദ്ര സർക്കാറാണെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ഭാരം കുറക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുറക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രം പിരിക്കുന്ന സര്‍ ചാര്‍ജും സെസും അവര്‍ തന്നെയാണെടുക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്രം. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. നികുതി കൂട്ടാത്ത സംസ്ഥാനങ്ങള്‍ എങ്ങനെ കുറക്കുമെന്നും മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെപ്പോലൊരാള്‍ രാഷ്ട്രീയം പറയാന്‍ പാടില്ലെന്നും ധനമന്ത്രി വിമര്‍ശിച്ചു. ബന്ധപ്പെട്ട വേദികളിൽ പ്രശ്നം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബറിൽ കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ലെന്നും ഇത് അനീതിയാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യതാൽപര്യം മുന്‍നിര്‍ത്തി ഈ സംസ്ഥാനങ്ങൾ നികുതി കുറക്കാൻ തയാറാകണം.

സംസ്ഥാനങ്ങൾ ഇന്ധനത്തിന്‍റെ വാറ്റ് നികുതി കുറച്ച് നേട്ടം ജനങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടും മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രപ്രദേശ്, കേരള, ജാർഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ നികുതി കുറക്കാൻ തയാറായില്ല. ഈ സംസ്ഥാനങ്ങൾ നികുതി കുറച്ച് ജനങ്ങളുടെ ഭാരം കുറക്കണമെന്നും മോദി ആവശ്യപ്പെട്ടു.

Tags:    
News Summary - ‘The state has not raised fuel taxes for six years; The Prime Minister is misleading '; Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.