തിരുവനന്തപുരം: കാറിന്റെ ബമ്പറിൽ കടിച്ചതിനെ തുടർന്ന് ഡ്രൈവർ ഇരുമ്പ് വടികൊണ്ട് തെരുവ് നായുടെ കണ്ണ് അടിച്ചുപൊട്ടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പട്ടം വൈദ്യുതി ഭവനിലാണ് സംഭവം. പീപ്ൾ ഫോർ അനിമൽസ് നൽകിയ പരാതിയിൽ കെ.എസ്.ഇ.ബി ഡ്രൈവർ മുരളിയെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
വർഷങ്ങളായി കെ.എസ്.ഇ.ബിയിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് മുരളി. പാർക്കിങ് ഏരിയയിൽ കാറുകളുടെ ബമ്പർ കടിച്ചതിനെ തുടർന്നാണ് നായെ ക്രൂരമായി ഉപദ്രവിച്ചത്. കണ്ടുനിന്നവരെല്ലാം നായെ അടിക്കരുതെന്ന് പറഞ്ഞിട്ടും മുരളി ഉപദ്രവം തുടരുകയായിരുന്നു. മുരളി നായെ അടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പീപ്ൾ ഫോർ അനിമൽസ് ഭാരവാഹികൾ എത്തിയപ്പോൾ തല പൊളിഞ്ഞ് അവശനായ നിലയിലായിരുന്നു നായ. ഉടൻ ആശുപത്രിയിലെത്തിച്ചു. തലച്ചോറിൽ ക്ഷതമേറ്റതിനെ തുടർന്ന് ഇടത് കണ്ണ് ശസ്ത്രക്രിയ ചെയ്ത് മാറ്റി. അടിയന്തര ചികിത്സക്ക് ശേഷം നായെ പി.എഫ്.എ ഷെൽറ്ററിലേക്ക് മാറ്റി.
അറസ്റ്റ് രേഖപ്പെടുത്തിയ മുരളിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മുരളിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.