ന്യൂഡൽഹി: ഒക്ടോബര്‍ 14ലെ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷെൻറ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനുള്ള നീക്കത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി. യാക്കോബായ വിശ്വാസികളുടെ സ്റ്റേ ആവശ്യം തള്ളിയ ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് ആരാധനാലയങ്ങളുടെ ഭരണം പിടിക്കാൻ വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾ നടക്കുന്നതിൽ അതൃപ്തി അറിയിച്ചു.
1934ലെ സഭാ ഭരണഘടന പ്രകാരമാണ് മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ കാതോലിക്കമാരെയും മെത്രാപോലീത്തമാരെയും തെരഞ്ഞെടുക്കേണ്ടതെന്ന് 2017ല്‍ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് എന്നുമായിരുന്നു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ച പോള്‍ വര്‍ഗീസ്, ജോണി ഇ.പി, കുഞ്ഞച്ചന്‍ എന്നിവരുടെ വാദം. എന്നാൽ, ഇവരുടെ ഹരജി തിങ്കളാഴ്ചയാണ് കിട്ടിയതെന്നും സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും ഒാർത്തഡോക്സ് വിഭാഗം അഭിഭാഷകർ ബോധിപ്പിച്ചു.
ഇൗ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി എട്ടാഴ്ചത്തേക്ക് അപേക്ഷ മാറ്റിവെച്ചതോടെ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള നീക്കത്തിന് തിരിച്ചടിയേൽക്കുകയായിരുന്നു. അപേക്ഷ മാറ്റിവെക്കുകയാണെങ്കിൽ സ്റ്റേ വേണമെന്ന് യാക്കോബായ വിഭാഗത്തിെൻറ അഭിഭാഷകർ ആവശ്യപ്പെെട്ടങ്കിലും സുപ്രീംകോടതി അതും അനുവദിച്ചില്ല. ആരാധനാലയങ്ങളുടെ ഭരണം പിടിക്കാൻ വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾ നടക്കുകയാണെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് കുറ്റപ്പെടുത്തി.
ആരാധനാലയങ്ങൾ ആരാധനക്കുള്ള ഇടമാണെന്നും ബെഞ്ച് ഒാർമിപ്പിച്ചു. അപേക്ഷ, ഓർത്തഡോക്സ്-യാക്കോബായ സഭ വിശ്വാസികൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജികൾക്കൊപ്പം പിന്നീട് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കണമെന്ന സുപ്രീംകോടതിയുടെ അന്തിമവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്- യാക്കോബായ സഭ വിശ്വാസികൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജികൾക്കൊപ്പമേ തെരഞ്ഞെടുപ്പ് മാറ്റാനുള്ള അപേക്ഷയും ഇനി പരിഗണിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.