തിരുവനന്തപുരം: തുടക്കത്തിലെ ആവേശം കെട്ടതിനു പിന്നാലെ സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം വഴിമുട്ടി. വിവിധ ഏജൻസികളുമായി 11 ജില്ലകളിലെ പഠനത്തിന് കരാർ ഒപ്പിട്ടിരുന്നെങ്കിലും ഒമ്പതിടത്തും കരാർ കാലാവധി കഴിഞ്ഞു. മലപ്പുറവും തൃശൂരുമാണ് ഇനി ശേഷിക്കുന്നത്. ഇവിടങ്ങളിലെ കാലാവധി ജൂലൈയോടെ അവസാനിക്കും. ഇതോടെ പദ്ധതി ഇനിയും വൈകുമെന്ന കാര്യം ഉറപ്പായി. പദ്ധതി വൈകുന്ന ഓരോ വർഷവും അഞ്ചു ശതമാനം വീതം ചെലവ് വർധിക്കുമെന്ന് ഡി.പി.ആർതന്നെ തുറന്നുപറഞ്ഞിരിക്കെയാണ് ഈ അനിശ്ചിതത്വം.
കരാർ ഒപ്പിട്ട് ആറു മാസത്തിനുള്ള പഠനം പൂർത്തിയാക്കാനായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ, സംസ്ഥാനത്ത് പദ്ധതിക്കെതിരെ വ്യാപകമായി ഉയർന്ന ജനകീയ പ്രതിഷേധത്തിലും ചെറുത്തുനിൽപ്പിലും പഠനം സംസ്ഥാന വ്യാപകമായിതന്നെ തടസ്സപ്പെടുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബലംപ്രയോഗിച്ചുള്ള കല്ലിടലിൽനിന്ന് സർക്കാർ പിന്നാക്കംപോയി. പകരം ഏർപ്പെടുത്തിയ ജിയോ ടാഗിങ്ങിനാകട്ടെ കാര്യമായ പുരോഗതിയുണ്ടായതുമില്ല.
ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സർക്കാറിന്‍റെ 'സിൽവർ ലൈൻ ആവേശം' കെട്ടു.
കേന്ദ്രാനുമതി കിട്ടിയാലേ പദ്ധതിയുമായി മുന്നോട്ടുപോകാനാകൂവെന്ന് മുഖ്യമന്ത്രിയുടെ പരസ്യ പ്രഖ്യാപനവും കൂടിയായതോടെ നടപടികൾ ഇഴഞ്ഞു. ഫേസ് ബുക്ക് അക്കൗണ്ട് വഴി കെ-റെയിൽ തുടരുന്ന അവകാശവാദങ്ങളും പോസ്റ്റർ പ്രചാരണങ്ങളുമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നതാണ് വസ്തുത.
ഇതിനിടെ പഠനത്തിന്‍റെ തൽസ്ഥിതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഏജന്‍സികള്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ കലക്ടര്‍മാര്‍ ഏജന്‍സികളില്‍നിന്ന് സമാഹരിച്ച് റവന്യൂ വകുപ്പിന് കൈമാറണമെന്നാണ് നിർദേശം.
എന്നാൽ, സർക്കാർ കരാർ വിജ്ഞാപനം പുതുക്കിയിറക്കാതെ സർവേയുമായി മുന്നോട്ടുപോകാനാവില്ലെന്നതാണ് ഏജൻസികളുടെ നിലപാട്.
പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും സാമൂഹികാഘാത പഠനത്തിന്‍റെ ഉത്തരവാദിത്തം കെ- റെയിലിനാണെന്നും കേന്ദ്രം അറിയിച്ചു.
എന്നാൽ, സാമൂഹികാഘാത പഠനത്തിന്‍റെ സമയം കഴിഞ്ഞതുകൊണ്ട് പദ്ധതി ഉപേക്ഷേിച്ചെന്ന് അർഥമില്ലെന്നാണ് കെ-റെയിലിന്‍റെ മറുപടി.
വിജ്ഞാപനം പുതുക്കുന്ന മുറക്ക് ബാക്കി പഠനം നടത്തുമെന്നും ഇപ്പോഴത്തേത് സാങ്കേതിക പ്രശ്നം മാത്രമാണെന്നുമാണ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.