വയനാട് കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി -വിഡിയോ

കൽപറ്റ: വയനാട് പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിൽ ജനവാസകേന്ദ്രങ്ങളിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഞായറാഴ്ച രാത്രി 11.05ഓടെയാണ് കടുവ കുടുങ്ങിയത്.

പശുക്കളെ കൊന്ന തൊഴുത്തിൽ രാത്രി കടുവ വീണ്ടുമെത്തിയിരുന്നു. പിന്നാലെയാണ് കൂട്ടിൽ കുടുങ്ങിയത്. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടങ്ങിയിരുന്നു. എന്നാൽ, മയക്കുവെടി വെക്കാതെ തന്നെ കടുവയെ പിടിക്കാനായതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ്.

പത്തു വയസ്സുള്ള ‘തോല്‍പ്പെട്ടി 17’ എന്ന ആണ്‍ കടുവയാണ് ജനവാസകേന്ദ്രങ്ങളിൽ എത്തിയതെന്ന് വനം വകുപ്പ് തിരിച്ചറിഞ്ഞിരുന്നു. കടുവയെ ബത്തേരിയിലെ പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പ്രദേശത്ത് നാല് പശുക്കളെയാണ് കടുവ കൊന്നത്.

Full View

ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ബെന്നി ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കടുവയെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ നടുറോഡില്‍ കുത്തിയിരിപ്പ് സമരവും നടത്തി.

കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി ഗ്രാമപഞ്ചായത്ത് 2, 16, 19 വാർഡുകളിൽ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ.ദേവകി തിങ്കളാഴ്ച വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

Tags:    
News Summary - The tiger trapped in cage in Kenichira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.