സ്വന്തം സർവീസ് ബുക്ക് തിരുത്തി പ്രമോഷൻ വാങ്ങിയ ക്ലാർക്കിനെ വിജിലൻസ് കോടതി ശിക്ഷിച്ചു

തിരുവനന്തപുരം: സ്വന്തം സർവീസ് ബുക്കിൽ തിരുത്തൽ നടത്തി പ്രമോഷൻ വാങ്ങിയ ക്ലാർക്കിനെ വിജിലൻസ് കോടതി ശിക്ഷിച്ചു. നഗരകാര്യ വകുപ്പ് ആസ്ഥാനത്ത് ലോവർ ഡിവിഷൻ ക്ലാർക്കായി ജോലി നോക്കിയിരുന്ന കെ.എ. ഹാരീഷിനെ ഒമ്പത് കേസുകളിൽ തിരുവനന്തപുരം വിജിലൻസ് കോടതി രണ്ട് വർഷം വീതം തടവിനും 3,35,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.

2001-2004 കാലയളവിൽ തിരുവനന്തപുരം നഗരകാര്യ വകുപ്പ് ആസ്ഥാനത്ത് എസ്റ്റാബ്ലിഷ്മെന്റ് ക്ലാർക്കായിരുന്ന ഹാരിഷ്  പ്രമോഷനു വേണ്ടിയുള്ള ഡിപാർട്മെന്റ് ടെസ്റ്റ് പാസാകാതെ പാസായതായി സ്വന്തം സർവീസ് ബുക്കിൽ രേഖപ്പെടുത്തി പ്രമോഷൻ വാങ്ങി. 2004 മുതൽ 2013 വരെയുള്ള ഒമ്പത് വർഷം സർക്കാരിനെ കബളിപ്പിച്ച് 2,99,277 രൂപ അധികമായി കൈക്കലാക്കിയതിലേയ്ക്ക് രജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഓരോ കേസിനും രണ്ട് വർഷം വീതം തടവിനും ആകെ 3,35,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് വിധിച്ചത്. ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന എസ്. രാജേന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്പെക്ടർമാരായ ജി.എൽ. അജിത് കുമാർ, സതികുമാർ എന്നിവർ അന്വേഷണം നടത്തിയിരുന്നു. മുൻ ഡി.വൈ.എസ്.പി ആയിരുന്ന മഹേഷ് ആണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ  ശ്രീരാജ് മോഹൻ ആർ.പിള്ള ഹാജരായി. 

Tags:    
News Summary - The vigilance court punished the clerk who bought the promotion by correcting his own service book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.