നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയമെന്ന് വനിത കമീഷന്‍

കോഴിക്കോട്: അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവർ.

വിദ്യാഭ്യാസമേറെയുള്ള കേരള സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ട് നരബലി അടക്കമുള്ള ക്രൂര കൃത്യങ്ങള്‍ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുവാന്‍ സ്ത്രീകള്‍ തയാറാകുന്നുവെന്നതും ചര്‍ച്ച ചെയ്യേപ്പെടേണ്ട വിഷയമാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന നരബലി അടക്കമുള്ള ഹീനകൃത്യങ്ങളെക്കുറിച്ചാണ് ഇതുവരെ ചര്‍ച്ച ചെയ്തിരുന്നത്. ഇപ്പോള്‍ സാക്ഷര കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് വിഷമകരമായ കാര്യമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.

പോലീസ് നടത്തിയ ജാഗ്രതയോടു കൂടിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തു വരാന്‍ ഇടയായതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കമീഷന്‍ അംഗം ഷാഹിദാ കമാല്‍ ചെയര്‍പേഴ്‌സനൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Tags:    
News Summary - The Women's Commission said that human sacrifice and women being victims of it is a very serious issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.