അമ്പലത്തറ: പൊലീസ് ജീപ്പില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പൂന്തുറ മുന്നാറ്റുമുക്ക് ആലൂകാട് വീട്ടില്‍ കരമന പൂഴിക്കുന്ന് സ്വദേശി സനോഫറാണ് (32) മരിച്ചത്. ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ജീപ്പിൽനിന്ന് ചാടിയതാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് മർദിച്ചപ്പോൾ ചാടിയതാകാമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഭാര്യവീട്ടിലെത്തി ബഹളംവെച്ചെന്ന പരാതിയെ തുടര്‍ന്ന് പൊലീസുകാര്‍ സ്ഥലത്തെത്തി ഇയാളോട് സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. സ്റ്റേഷനിലെത്തിയ ഇയാള്‍ മദ്യലഹരിയിലാണെന്ന് കണ്ട് പിറ്റേദിവസം വരാൻ നിര്‍ദേശം നല്‍കിയതായാണ് പൊലീസ് ഭാഷ്യം. മടങ്ങിപ്പോകുന്നതിനിടെ ഇയാള്‍ റോഡില്‍ വീണതിനെ തുടർന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസെത്തി ജീപ്പില്‍ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതത്രെ. തലക്ക് ഗുരുതര പരിക്കേറ്റ സനോഫർ മെഡിക്കല്‍ കോളജിൽ മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. ഞായറാഴ്ച ഉച്ചക്കാണ് മരിച്ചത്. പൊലീസ് മർദനം ആരോപിച്ച് ബന്ധുക്കൾ കമീഷണർക്ക് പരാതി നൽകി. ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: തസ്ലീമ. മക്കള്‍: സിയാന, അല്‍ അമീന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.