വേലൂർ (തൃശൂർ): മൂന്ന് മക്കളെ കിണറ്റിലേക്കിട്ട ശേഷം യുവതിയായ വീട്ടമ്മയും ചാടി. രണ്ടു കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ ഫാത്തിമമാതാ പള്ളിക്ക് പിറകുഭാഗത്ത് താമസിക്കുന്ന പൂന്തിരുത്തിൽ വീട്ടിൽ അഖിലിന്റെ ഭാര്യ സയനയാണ് (29) കിണറ്റിൽ ചാടിയത്. മക്കളായ അഭിജയ് (ഏഴ്), ആദിദേവ് (ആറ്) എന്നിവരാണ് മരിച്ചത്. സയനയെയും ഇളയ മകൾ ആഗ്നികയെയും (ഒന്നര) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 2.20നാണ് സംഭവം. ആൾമറയുള്ള 15 കോൽ താഴ്ചള്ള കിണറ്റിലേക്കാണ് മക്കളെ എടുത്തിട്ട് സയന ചാടിയത്. ഇതറിഞ്ഞ ഉടൻ അയൽവാസിയും ബന്ധുവുമായ 16കാരൻ അഭിനവ് കിണറ്റിലിറങ്ങി ആഗ്നികയെ അഗ്നിരക്ഷ പ്രവർത്തകരെത്തുന്നതു വരെ വെള്ളത്തിന് മുകളിലേക്ക് എടുത്തുയർത്തി നിന്നു. കുന്നംകുളത്തുനിന്നും വടക്കാഞ്ചേരിയിൽനിന്നും അഗ്നിരക്ഷസേന എത്തിയാണ് മറ്റു കുട്ടികളേയും സയനയെയും കരക്കെത്തിച്ചത്. അഭിജയിനെ പുറത്തെടുത്ത ഉടനെ നാട്ടുകാർ വേലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് സയനയെയും ആദിദേവിനെയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ ആദിദേവിന്റെ മരണം സ്ഥിരീകരിച്ചു.
അഭിജയ് തയ്യൂർ ഗവ. ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും ആദിദേവ് ഇതേ സ്കൂളിലെ യു.കെ.ജി വിദ്യാർഥിയുമാണ്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ താമസിക്കുന്ന വീട് വിൽക്കുന്നത് സംബന്ധിച്ച തർക്കമാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നറിയുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന അഖിൽ ചൊവ്വാഴ്ച രാവിലെയാണ് ജോലിസ്ഥലത്തേക്ക് പോയത്. അഗ്നിരക്ഷ സേനയിലെ ഓഫിസർമാരായ വൈശാഖ്, നിതീഷ് എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.