വെഞ്ഞാറമൂട്: ജില്ലയിലെ പതിനഞ്ചോളം ക്ഷേത്രങ്ങളില്‍നിന്ന് രണ്ട് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്പ് തച്ചേരിക്കോണത്ത് വീട്ടില്‍ ജിബിനാണ് (29) അറസ്റ്റിലായത്.
നെടുമങ്ങാട് പുത്തന്‍പാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ച് വ്യാജ നമ്പര്‍ പതിച്ച് അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടെ വട്ടപ്പാറ വേങ്കോട് ഭാഗത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
ജൂലൈ ഏഴിന് കൊഞ്ചിറ ആയിരവല്ലി തമ്പുരാന് ക്ഷേത്രത്തില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ നിലവിളക്കുകള്‍, പൂജാപാത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, അടുത്തദിവസം പെരുംകൂര്‍ തമ്പുരാന് ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്പതോളം നിലവിളക്കുകൾ, ജൂണ്‍ 15ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തില്‍നിന്ന് അമ്പതോളം നിലവിളക്കുകളും പൂജാപാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ എന്നിവ ഇയാൾ മോഷ്ടിച്ചു.
വെമ്പായം ഊരൂട്ടമ്പലം തമ്പുരാന് ദേവീ ക്ഷേത്രത്തില്‍നിന്ന് ഒന്നര ലക്ഷം രൂപ വില വരുന്ന പൂജാ പാത്രങ്ങളും നിലവിളക്കുകളും തട്ടു വിളക്കുകളും കവർന്നു. നെടുമങ്ങാട് പൂവത്തൂര്‍ മണ്ടക്കാട് അമ്മന്‍ദേവീ ക്ഷേത്രത്തില്‍നിന്ന് വിളക്കുകളും വിതുര മഹാദേവര്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ചുള്ള പണാപഹരണം, നഗരൂര്‍ ആലംകോട് പാറമുക്ക് ക്ഷേത്രത്തില്‍നിന്ന് വിളക്കുകളും പാത്രങ്ങളും മോഷണം ചെയ്തതുൾപ്പെടെ 15ഓളം കേസുകള്‍ പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.
തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി കിരണ്‍ നാരായണന്, നെടുമങ്ങാട് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് അരുണ്‍ എന്നിവരുടെ നിർദേശ പ്രകാരം ജില്ലയിലെ ക്ഷേത്ര മോഷണ കേസുകളിലെ പ്രതികളെ പിടികൂടുന്നതിനായി രൂപവത്കരിച്ച സംഘത്തിലെ അംഗങ്ങളായ വട്ടപ്പാറ പൊലീസ് ഇന്‍സ്പെക്ടര്‍, ശ്രീജിത്, സബ് ഇന്സപെക്ടര് സുനില്‍കുമാര്‍, സിവിൽ പൊലീസ് ഓഫിസര്‍മാരായ റെജി, ജയകുമാര്‍, തിരുവന്തപുരം റൂറല്‍ ഷാഡോ ടീമിലെ സബ് ഇന്‍സപെക്ടര്‍മാരായ ഷിബു, സജു, സിവിൽ പൊലീസ് ഓഫിസര്‍മാരായ ഉമേഷ് ബാബു, സതികുമാര്‍, അനൂപ്, ഗോപകുമാര്‍ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ കൂട്ടാളികളെകുറിച്ചുള്ള അന്വേഷണം ഷാഡോ പൊലീസ് ഊർജിതമാക്കിയിട്ടുണ്ടന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.