നാടിനെ കണ്ണീരിലാഴ്ത്തിയ തേക്കടി ബോട്ടപകടത്തിന് 15 വയസ്സ്; വിചാരണ നാളെ

ഇടുക്കി: നാടിനെ നടുക്കിയ ഏറ്റവും വലിയ ബോട്ട് ദുരന്തമായ തേക്കടി ബോട്ടപകടം നടന്നിട്ട് ഇന്നേക്ക് 15 വര്‍ഷം. എന്നാൽ നാളെയാണ് കേസിന്‍റെ വിചാരണ ആരംഭിക്കുന്നത്. വ്യാഴാഴ്ച തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെക്ഷന്‍സ് കോടതിയിലാണ് കേസിന്‍റെ വിചാരണ. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എ.റഹീമാണ് ഹാജരാകുന്നത്.

സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷമായിട്ടും കേസില്‍ വിചാരണ ആരംഭിക്കാതിരുന്നത്. ദുരന്തമുണ്ടായ 2009ല്‍ തന്നെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹൈകോടതി അഭിഭാഷകനെ നിയമിച്ചിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറും 2021ല്‍ രാജിവെച്ചു. 2022ലാണ് അഡ്വ. ഇ.എ.റഹീമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്.

2009 സെപ്റ്റംബര്‍ 30നായിരുന്നു കെ.ടി.ഡി.സിയുടെ ജലകന്യക ബോട്ട് മുങ്ങി 23 സ്ത്രീകളടക്കം 45 പേര്‍ മരിച്ചത്. മരിച്ചവരെല്ലാം 50 വയസില്‍ താഴെയുള്ളവരായിരുന്നു. ഇതില്‍ ഏഴിനും 14നും ഇടയില്‍ പ്രായമുള്ള 13 കുട്ടികളുണ്ടായിരുന്നു. ബോട്ടില്‍ 82 വിനോദ സഞ്ചാരികളാണ് ഉല്ലാസയാത്ര നടത്തിയത്. ബോട്ട് ലാന്‍ഡിങിൽ നിന്ന് ഏഴ് കിലോമീറ്റര്‍ അകലയായിരുന്നു അപകടം. മരണപ്പെട്ടവരിലേറെയും തമിഴ്‌നാട്, ബംഗളൂരു, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, മുംബൈ, ഹരിയാന, ഡൽഹി, കൊൽക്കത്ത എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു.

കേസില്‍ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ദുരന്തമുണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. റിട്ട. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് 256 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

Tags:    
News Summary - Thekkady boat accident; The trial is tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.